ഉത്തര്‍പ്രദേശ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ട ദാരുണ സംഭവം ഝാന്‍സിയിലാണ് നടന്നത്. രവീന്ദ്ര അഹിര്‍വാര്‍ (30) എന്ന യുവാവാണ് മരിച്ചത്. എല്‍ഐസിയില്‍ ഡവലപ്മെന്റ് ഓഫിസറായിരുന്ന രവീന്ദ്രയ്ക്ക് ബോളിംഗിനിടെ ക്ഷീണം അനുഭവപ്പെട്ടു. തുടര്‍ന്ന് വെള്ളം കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിക്കുകയും ബോധരഹിതനായി കുഴഞ്ഞ് വീഴുകയുമായിരുന്നു.
സുഹൃത്തുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കടുത്ത ക്രിക്കറ്റ് പ്രേമിയായിരുന്നു രവീന്ദ്ര. രാവിലെ അച്ഛനൊപ്പമിരുന്ന് കാപ്പി കുടിച്ച ശേഷമാണ് കളിക്കാനായി പോയതെന്നും അനുജന് അര്‍വിന്ദ് പറഞ്ഞു.
മൂന്ന് മാസം മുന്‍പ് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയതായും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. മൂന്നാം ഓവര്‍ എറിഞ്ഞതിന് ശേഷം വെള്ളം കുടിക്കാനായി എത്തിയ രവീന്ദ്ര, കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിക്കുകയും ഗ്രൗണ്ടില്‍ വീഴുകയും ചെയ്തുവെന്നാണ് സുഹൃത്തുക്കളുടെ വാക്ക്.
നിര്‍ജലീകരണം സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബോധം നഷ്ടപ്പെട്ടതോടെ സ്ഥിതി ഗുരുതരമാണെന്ന് മനസിലായി. ഹൃദയസ്തംഭനം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലേ വ്യക്തമായിരിക്കുകയുള്ളൂവെന്ന് മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സച്ചിന് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

