ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ നാളെ SCO ഉച്ചകോടി; എല്ലാ കണ്ണുകളും ഷി-മോദി-പുതിന്‍ ത്രയത്തിലേക്ക്

Kannadiparamba online news

ബീജിങ്: ഏഷ്യയിലെ രണ്ട് വമ്പന്മാര്‍, യൂറോപ്പിലെ ശക്തന്‍, ട്രംപിന്റെ താരിഫ്-ഉപരോധ ഭീഷണികള്‍ നേരിടുന്ന മൂവരും ഒരുമിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഞായറാഴ്ച ടിയാന്‍ജിനില്‍ ആരംഭിക്കുന്ന രണ്ടു ദിവസത്തെ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷൻ (SCO) ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുതിന്‍, ഇറാനടക്കമുള്ള മറ്റ് രാഷ്ട്രങ്ങളുടെ നേതാക്കള്‍ തുടങ്ങിയവരാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ആതിഥേയത്വം സ്വീകരിച്ച് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടകം ചൈനയില്‍ എത്തിക്കഴിഞ്ഞു. 

മോദിയേയും പുതിനേയും ഷി ജിന്‍പിങ് ഉച്ചകോടിക്ക് നേരിട്ട് സ്വീകരിക്കാനെത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018ന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.

2020 ല്‍ ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിനുശേഷം വിള്ളലുണ്ടായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയും ചൈനയും തമ്മിലുള്ള മറ്റൊരു ചുവടുവയ്പ്പായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കാണുന്നത്.

ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യ-യുഎസ് ബന്ധങ്ങളിലുണ്ടായ വിള്ളലിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനവും ഷി ജിന്‍പിങ്ങുമായും പുതിനുമായുള്ള കൂടിക്കാഴ്ചയും. ചൈനയ്ക്കുനേരെയുള്ള ട്രംപിന്റെ താരിഫ് ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദര്‍ശിച്ച് രണ്ടാഴ്ച തികയും മുന്‍പാണ് മോദിയുടെ ചൈനാ സന്ദര്‍ശനം. താരിഫ് ഭീഷണികളുയര്‍ത്തി ട്രംപ് രാജ്യങ്ങളുമായി ഇടഞ്ഞ് നില്‍ക്കുന്ന ഘട്ടത്തില്‍ ഒരു ബദല്‍ ശക്തിയായി നിലകൊള്ളാന്‍ ചൈന ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഉച്ചകോടിയെന്നാണ് യുഎസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

ട്രംപുമായുള്ള അലാസ്‌ക ഉച്ചകോടിക്ക് രണ്ടാഴ്ച കഴിഞ്ഞും, യുക്രൈയ്‌നിലെ ആക്രമണം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം അവഗണിക്കുന്നതിനിടെയാണ് പുതിന്‍ ചൈന, ഇന്ത്യ നേതാക്കളെ കാണുന്നത് എന്നതും ശ്രദ്ധേയമാണ്.

ചൈനയിലേക്കുള്ള വരവിനു മുന്നോടിയായി, ചൈന-റഷ്യ പങ്കാളിത്തത്തെ ലോകത്തിന് സ്ഥിരത നല്‍കുന്ന ശക്തിയായിട്ടാണ് പുതിന്‍ വിശേഷിപ്പിച്ചത്. ‘നീതിയും ബഹുധ്രുവവുമായ ഒരു ലോകക്രമം കെട്ടിപ്പടുക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടില്‍ അവര്‍ ഐക്യപ്പെട്ടിരിക്കുന്നു’ എന്ന് പുതിന്‍ ഒരു ചൈനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ചൈന, റഷ്യ, ഇന്ത്യ, ഇറാന്‍, പാകിസ്താന്‍, ബെലാറസ്, കസാക്കിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് എസ്സിഒ ഉച്ചകോടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!