ഷാർജയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം 5 പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു

kpaonlinenews

ഷാര്‍ജ: യു.എ.ഇയിലെ ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേര്‍ മരിച്ചത്. പാകിസ്ഥാന്‍ സ്വദേശിയായ മറ്റൊരാള്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ അപകടത്തിന്‍റെ ഞെട്ടലില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്നാണ് സൂചന.

റെസിഡന്‍ഷ്യൽ കെട്ടിടത്തിന്‍റെ 44-ാം നിലയിലാണ് തീ പടര്‍ന്നു പിടിച്ചത്. തീപിടത്തത്തെ തുടര്‍ന്ന് ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കനത്ത പുകയില്‍ ശ്വാസംമുട്ടിയാണ് ഒരാൾ മരിച്ചത്. തീപിടിത്തത്തില്‍ പരിക്കേറ്റവരെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എമര്‍ജന്‍സി സംഘങ്ങൾ ദ്രുതഗതിയില്‍ സംഭവത്തില്‍ ഇടപെട്ടു.

രാവിലെ 11.30 മണിക്കാണ് തീപിടിത്തം സംഭവിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉടന്‍ തന്നെ വിവിധ ഫയര്‍ സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിക്കുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ നപടികൾ തുടങ്ങുകയും ചെയ്തു. 

Share This Article
error: Content is protected !!