പാലത്തിൽ പരിശോധനയ്ക്കിടെ കഞ്ചാവുമായി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് സാഹസികമായി പിടിയിൽ; എസ്.ഐയ്ക്ക് പരിക്ക്

Kannadiparamba online news
Screenshot

കണ്ണൂർ കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസും എക്‌സൈസും നാട്ടുകാരും ചേർന്ന് സാഹസികമായി കീഴ്‌പ്പെടുത്തി. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണൂർ മർക്കാർകണ്ടി സ്വദേശി അലിഷൻ ഫായിസിനെ (25) കീഴ്‌പ്പെടുത്തിയത്. യുവാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ കരിക്കോട്ടക്കരി എസ.്‌ഐ ജോസ്.പി. ജോസിന് കൈക്ക് പരിക്കേറ്റു. വെള്ളത്തിലിറങ്ങിയ പോലീസുകാരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോണുകളും മറ്റും നഷ്ടപ്പെട്ടു.
ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിരാജ്‌പേട്ടയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക കെ.എസ.്ആർ.ടി.സി ബസിൽ കൂട്ടുപുഴ പാലത്തിന് സമീപം എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് ബസിൽനിന്നിറങ്ങി ഓടി . പോലീസും പിന്നാലെ ഓടിയെങ്കിലും ഇയാൾ പുഴയിലേക്ക് ചാടി.
പോലീസിന്റെ പിടിയിൽപ്പെടാതെ പുഴയുടെ മറുകരയിലെത്തി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ പോലീസുകാരും നാട്ടുകാരും ചേർന്ന് മറുകരയിലെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ വീണ്ടും ഇയാൾ പുഴയിലേക്ക് ചാടി മറുകരയിലേക്ക് നീന്തി. ഒഴുക്കുള്ള പുഴയുടെ മധ്യഭാഗത്തെ കല്ലിൽ കയറിയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു.പോലീസും എക്‌സൈസും നാട്ടുകാരും വെള്ളത്തിലിറങ്ങി പിടികൂടാൻ ശ്രമിച്ചെങ്കിലും പലതവണ ഇയാൾ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനുശേഷം സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. ഇതിനിടെ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ വെള്ളത്തിൽ നഷ്ടമായി.പാലത്തിൽ ബാഗും ചെരുപ്പും ഉപേക്ഷിച്ചാണ് യുവാവ് പുഴയിലേക്ക് ചാടിയത്.പുഴയിലേക്ക് ചാടുന്നതിനിടയിൽ ഐ.ഐ ജോസ്.പി ജോസിന് യുവാവിന്റെ ഷർട്ടിൽ പിടികിട്ടിയെങ്കിലും വരുതിയിലാക്കാനായില്ല. ഇതിനിടയിലാണ് എസ്.ഐയ്ക്ക് കൈയ്ക്ക് ആഴത്തിൽ മുറിവേറ്റത്.
ഇയാളുടെ ബാഗിൽ നടത്തിയ പരിശോധനയിൽ 90 ഗ്രാമോളം കഞ്ചാവ് കണ്ടെത്തിയതായി എക്‌സൈസ് അറിയിച്ചു. തുടർന്ന് എക്‌സൈസ് ചെക്‌പോസ്റ്റിലെത്തിച്ച് ദേഹപരിശോധന നടത്തിയെങ്കിലും കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായില്ല.യുവാവിന്റെ കൈവശം എം.ഡി.എം.എ ഉണ്ടായിരുന്നതായും പുഴയിൽ ചാടുന്നതിനിടെ ഇത് നശിപ്പിച്ചിരിക്കാമെന്നുമാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം. വളപട്ടണം പോലീസ് സ്റ്റേഷനിൽ മറ്റൊരു ക്രിമിനൽ കേസും ഇയാൾക്കെതിരെയുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എക്‌സൈസ് ശേഖരിച്ചുവരികയാണ്.
ഇരിക്കൂർ എസ്.ഐ എൻ.എ. സദാനന്ദൻ, ഡീഷണൽ എസ്.ഐമാരായ കെ. ഷാജി, സാജു, പ്രതീഷ് എന്നിവരും എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘവും പിടികൂടൽ നടപടികൾക്ക് നേതൃത്വം നൽകി. പായം പഞ്ചായത്ത് അംഗം ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!