കണ്ണൂർ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം നിത്യേന വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി 200 കവിഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥ മാറ്റത്തോടൊപ്പം കടുത്ത ചൂടും വൈറൽ പനിക്ക് കാരണമാകുന്നെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത് 5000-ത്തോളം പേരാണ്.

വൈറൽ പനിയോടൊപ്പം ഡെങ്കിപ്പനിയും ജില്ലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കണ്ണൂർ കോർപറേഷൻ, ചിറക്കൽ, തളിപ്പറമ്പ്, നാറാത്ത് എന്നിവിടങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡിന് സമാനമായി ഭക്ഷണം കഴിക്കുമ്പോൾ രുചിയില്ലായ്മ, കടുത്ത ക്ഷീണം, തലവേദന, ബ്ലഡ് പ്രഷർ കുറയുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണ് വൈറൽ പനിക്കുള്ളത്. സാധാരണ വൈറൽ പനി രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുമെങ്കിലും, നിലവിലുള്ള പനി നീണ്ട രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്നുണ്ട്. പനി മാറിയാലും ക്ഷീണം കാരണം പലർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ദിവസങ്ങളെടുക്കുന്നു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി കഴിഞ്ഞദിവസം മാത്രം ചികിത്സ തേടിയെത്തിയവർ 1000ത്തിലധികം വരുമെന്നാണ് കണക്കുകൾ. ചില ആശുപത്രികളിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒന്നിലധികം ഡോക്ടർമാരുടെ സേവനം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും കൊതുകുകളുടെ വർദ്ധനവും ശുചിത്വമില്ലായ്മയും പകർച്ചവ്യാധികൾ വർദ്ധിക്കാൻ കാരണമായതായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പനിക്കൊപ്പം ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ, കടുത്ത ശരീരവേദന, തുടർച്ചയായ ഛർദി, അമിത ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുന്നവർ സ്വയം മരുന്നു കഴിക്കുന്നതിന് പകരം ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:

 ഇടയ്ക്കിടെ സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുക.

 രോഗലക്ഷണമുള്ളവരുമായി അടുത്ത സമ്പർക്കം കുറയ്ക്കുക.

 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക.

 മുറികളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക.

 വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

 കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കുക.

 കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!