നിതിൻ രാജിന്റെ മരണം: പോലീസും മാനേജ്മെന്റും ഒത്തുകളിക്കുന്നു; ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും മുസ്‌ലിം ലീഗ്

Kannadiparamba online news
Screenshot

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മാനേജ്മെന്റും പോലീസും ഒത്തുകളിക്കുകയാണെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും മുസ്‌ലിം ലീഗ് നേതാക്കൾ. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി, കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി സഹദുളള എന്നിവർ കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പത്രസമ്മേളനത്തിൽ ഉന്നയിച്ച പ്രധാന വിഷയങ്ങൾ:

നിതിൻ രാജിന്റെ മരണം: സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനത്ത് ജാതീയതയുടെ പേരിൽ നടന്ന കൊലപാതകം നികൃഷ്ടമാണ്. വംശീയ അതിക്രമം നടത്തി വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന അധ്യാപകരും അവരെ സംരക്ഷിക്കുന്ന മാനേജ്മെന്റും പോലീസും കേരളത്തിന് അപമാനമാണ്. ലോൺ ആപ്പ് തിരിച്ചടക്കാൻ സാധിക്കാത്തതിന്റെ പേരിലല്ല നിതിൻരാജ് മരിച്ചതെന്ന് കുടുംബം ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. കൊലപാതകികൾക്കും ജാതിവെറിയന്മാർക്കും ലോൺ ആപ്പിന്റെ മറവിൽ രക്ഷപ്പെടാൻ പോലീസ് അവസരമൊരുക്കുകയാണ്.

പോലീസിനെതിരെ വിമർശനം: വിദ്യാർത്ഥികൾ ജാതിവെറിയരെന്ന് ആരോപിക്കുന്ന ഡോക്ടർ റാം, ഡോ. സംഗീത എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ പോലീസ് ഇവർക്ക് സംരക്ഷണം ഒരുക്കുകയാണ്. ചൊവ്വാഴ്ച കോളേജിന് മുന്നിൽ ധർണ്ണ നടത്തിയ കേരള ദളിത് ലീഗ് പ്രവർത്തകരെ മാനേജ്മെന്റിന്റെ സെക്യൂരിറ്റിക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടും പോലീസ് നോക്കിനിൽക്കുകയായിരുന്നു. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ ലീഗ് ഏതറ്റം വരെയും പോകും.

തെരഞ്ഞെടുപ്പ് വിലയിരുത്തൽ: ജില്ലയിൽ യു.ഡി.എഫ് അഭൂതപൂർവ്വമായ വിജയം നേടും. ആറു സീറ്റുകളിൽ യു.ഡി.എഫ് ഉറപ്പായും വിജയിക്കും. അത്ഭുതങ്ങൾ സംഭവിച്ചാൽ അത് 9 സീറ്റ് വരെ ആകാം. മെയ് നാലോട് കൂടി പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും സി.പി.എമ്മിന്റെ തകർച്ച ആരംഭിക്കും.

വോട്ട് കച്ചവട ആരോപണം: അഴീക്കോട്, പേരാവൂർ, കണ്ണൂർ, കൂത്തുപറമ്പ് തുടങ്ങി നാല് മണ്ഡലങ്ങളിൽ സി.പി.എം പരസ്യമായി ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. സി.പി.എമ്മിന് വേണ്ടി ഓപ്പൺ വോട്ടുകൾ ചെയ്യിക്കാനും, പല ബൂത്തുകളിലും എൽ.ഡി.എഫ് ഏജന്റുമാരായി പ്രവർത്തിക്കാനും എസ്.ഡി.പി.ഐ തയ്യാറായി. ഇത് അവർ മുന്നണിയായി മത്സരിക്കുന്നുണ്ടോ എന്ന സംശയം പോലും ജനിപ്പിച്ചതായി നേതാക്കൾ ആരോപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!