കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ലോൺ ആപ്പ് ഭീഷണിയിൽ പ്രധാന പ്രതികളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അതിസാഹസികമായി പിടികൂടി. “ഇൻസ്റ്റന്റ് ഫണ്ട്സ്” എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേരെയാണ് ഉത്തർപ്രദേശിലെ നോയിഡയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ. മിഥുൻ എസ്.വിയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സുനിൽ കെ., ദിജിൻ രാജ് പി.കെ. എന്നിവരടങ്ങിയ സംഘമാണ് നോയിഡയിലെത്തി പ്രതികളെ വലയിലാക്കിയത്.
അധ്യാപികയെ ഭീഷണിപ്പെടുത്തി:
മരിച്ച വിദ്യാർത്ഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നിർണ്ണായക നടപടി. വിദ്യാർത്ഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന്, ആപ്പിൽ റഫറൻസ് നമ്പറായി നൽകിയിരുന്ന അധ്യാപികയുടെ ഫോണിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ, ഒരു മണിക്കൂറിൽ തന്നെ നിരവധി തവണയാണ് അധ്യാപികയെ വിളിച്ചത്. ബ്ലോക്ക് ചെയ്യുന്നതിനനുസരിച്ച് പുതിയ നമ്പറുകളിൽ നിന്നായി ശല്യം.
സിം ബോക്സുകൾ ഉപയോഗിച്ചുള്ള വൻ തട്ടിപ്പ്:
പ്രതികൾ ബന്ധപ്പെട്ട നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും, സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം നോയിഡയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. നോയിഡ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്താൻ കഴിഞ്ഞു. ഒരു ഐ.ടി പാർക്കിന് സമാനമായി 40-ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും ഭീഷണിപ്പെടുത്തുന്നതും ഇവിടെ നിന്നായിരുന്നു.
ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇത്. പ്രധാന പ്രതികളെ പിടികൂടിയ പോലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് (Cr No – 217/2026) പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

