മയ്യിലിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സി.പി.എം പ്രവർത്തകന് കുത്തേറ്റു

Kannadiparamba online news

മയ്യിൽ: മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽ.ഡി.എഫ്‌ ബൂത്ത്‌ ഏജന്റിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മുല്ലക്കൊടി കുറ്റിച്ചിറയിലെ സി.പി.എം പ്രവർത്തകൻ പി.പി പ്രകാശ(50)നാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതി പി. കൃഷ്ണനെ മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ മുല്ലക്കോടി യു.പി സ്കൂളിലെ ബൂത്തിന് സമീപത്താണ് സംഭവം. പോളിങ് കഴിഞ്ഞ് യു.ഡി.എഫ് ബൂത്ത് ഏജന്റായ ഭാസ്കരനൊപ്പം മടങ്ങുകയായിരുന്നു പ്രകാശൻ. ഇതിനിടെ ഭാസ്കരന്റെ സഹോദരൻ കൂടിയായ കൃഷ്ണൻ കയ്യിൽ കരുതിയ കത്തി കൊണ്ട്‌ പ്രകാശനെ കുത്തുകയായിരുന്നു. പരിക്കേറ്റ പ്രകാശനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന പ്രദേശത്ത് ബോധപൂർവം അക്രമണമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു. അക്രമം നടന്ന ഉടൻ തന്നെ ജില്ലാ പൊലീസ്‌ കമ്മീഷണർ പി. നിതിൻ രാജ്‌ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ യു.ഡി.എഫ്‌ വ്യാപകമായി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്ന്‌ പ്രകാശനെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി രാജേഷ്, ബിജു കണ്ടക്കൈ, തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ ശ്യാമള തുടങ്ങിയവരും എ.കെ.ജി ആശുപത്രിയിലെത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!