കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് അഞ്ച് നാൾ മാത്രം ശേഷിക്കെ, സർക്കാരിൻ്റെ ക്ഷേമ-വികസന പദ്ധതികളിൽ ഊന്നി പ്രചാരണം ശക്തമാക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം.
ഇതിനിടെ, സംസ്ഥാന പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുമുതൽ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പ്രചാരണത്തിൽ സജീവമാകും. മൂന്നാം തുടർഭരണം ലക്ഷ്യമിട്ടിറങ്ങുന്ന എൽ.ഡി.എഫിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുമ്പോൾ, മുഖ്യമന്ത്രിക്ക് വിശേഷണമായി ‘ക്യാപ്റ്റൻ’ വിളി വീണ്ടും സജീവമാകുകയാണ്. മുൻമന്ത്രി കെ. രാധാകൃഷ്ണനും പേരാവൂർ സ്ഥാനാർഥി കെ.കെ. ശൈലജയും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അദ്ദേഹത്തെ വീണ്ടും ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചു രംഗത്തെത്തി.
കമ്മ്യൂണിസ്റ്റുകൾക്ക് ‘സഖാവ്’ എന്ന ഒറ്റ വിളിപ്പേരേയുള്ളൂവെങ്കിലും, എ.കെ.ജിയെ പാവങ്ങളുടെ പടത്തലവനെന്നും, ഇ.എം.എസിനെ സൈദ്ധാന്തികനെന്നും, വി.എസിനെ കണ്ണേ കരളേയെന്നും വിളിച്ചതുപോലെ പിണറായിയുടെ കർക്കശ്യവും സംഘടനാ കരുത്തുമാണ് അദ്ദേഹത്തിന് ക്യാപ്റ്റൻ എന്ന വിളിപ്പേര് നേടിക്കൊടുത്തത്. 2021-ലെ തിരഞ്ഞെടുപ്പിൽ ഈ ക്യാപ്റ്റൻ വിളി വലിയ തരംഗമാവുകയും തുടർഭരണത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. അന്ന് ഈ വിശേഷണത്തിനെതിരെ സി.പി.ഐ അടക്കം രംഗത്തുവന്നിരുന്നുവെങ്കിലും, പ്രചാരണം ചൂടുപിടിക്കുന്ന അവസാന മണിക്കൂറുകളിൽ മുതിർന്ന നേതാക്കൾ തന്നെ ക്യാപ്റ്റൻ വിളി വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

