കണ്ണാടിപ്പറമ്പ്: നാടിന്റെ കാവൽദൈവമായ വയത്തൂർ കാലിയാരപ്പന്റെ സന്നിധിയിൽ അഞ്ച് ദിവസങ്ങളിലായി നടന്നുവന്ന ഊട്ടുത്സവത്തിന് ഭക്തിനിർഭരമായ പരിസമാപ്തി. മകരമാസത്തിലെ കുളിർമയിൽ, നാമജപ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ഭക്തരാണ് കാലിയാരപ്പന്റെ അനുഗ്രഹം തേടിയെത്തിയത്. മഹോത്സവ ദിനത്തിൽ നടന്ന വിശേഷാൽ പ്രസാദ ഊട്ടിൽ ജാതിമത ഭേദമന്യേ വൻ ജനപങ്കാളിത്തം ദൃശ്യമായി.
ഉത്സവത്തിന്റെ പ്രധാന ആകർഷണമായ കിരാതമൂർത്തിയുടെയും കോമരത്തച്ചന്റെയും തിരുനൃത്തം ഭക്തർക്ക് ദർശന സായൂജ്യമായി. പതിഞ്ഞ ചെമ്പട താളത്തിൽ തുടങ്ങുന്ന ചടുല നൃത്തം അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ കോമരത്തച്ചനും നെയ്യമൃത് വൃതക്കാരും കുഴിയടുപ്പിൽ പ്രവേശിക്കുന്ന ചടങ്ങ് ഭക്തമനസ്സുകളിൽ ഭക്തിയുടെ വേലിയേറ്റം സൃഷ്ടിച്ചു. ‘നമ:ശിവായ’ മന്ത്രങ്ങളും ‘ഗോവിന്ദ’ വിളികളും കിരാത സന്നിധിയെ കൈലാസ സമാനമാക്കി.
കുഴിയടുപ്പിലെ ഭസ്മം പ്രസാദമായി സ്വീകരിച്ച്, “അടുത്ത മകരത്തിൽ കാണാം ഭഗവാനെ” എന്ന പ്രാർത്ഥനയോടെ സന്തോഷാശ്രുക്കളുമായി മടങ്ങുന്ന ഭക്തരുടെ നിര വയത്തൂരിന്റെ വിശ്വാസപ്പെരുമ വിളിച്ചോതുന്നതായിരുന്നു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും, മേൽശാന്തി ഇ.എൻ. ഗോവിന്ദൻ നമ്പൂതിരിയും മുഖ്യ കാർമ്മികത്വം വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

