പെരളശ്ശേരി: രണ്ട് ദിവസമായി പെരളശ്ശേരി എ.കെ.ജി. സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല കേരളോത്സവത്തിൽ 179 പോയിന്റുകൾ നേടി കണ്ണൂർ കോർപ്പറേഷൻ ചാമ്പ്യന്മാരായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 159 പോയിന്റുകൾ വീതം നേടി എടക്കാട്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. തലശ്ശേരി നഗരസഭ (140 പോയിന്റ്) മൂന്നാം സ്ഥാനവും, പയ്യന്നൂർ ബ്ലോക്ക് (102 പോയിന്റ്) നാലാം സ്ഥാനവും കരസ്ഥമാക്കി.
കലാതിലകവും കലാപ്രതിഭയും:
ജില്ലാ ആയുർവേദ ആശുപത്രി കോസ്മറ്റോളജി അസിസ്റ്റന്റും ഏച്ചൂർ സ്വദേശിനിയുമായ കെ. ശിശിര കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ വി. വൈഷ്ണവ് ആണ് കലാപ്രതിഭ.
സമാപന സമ്മേളനം:
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ ബിനോയ് കുര്യൻ വിതരണം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വി. മുകുന്ദൻ തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

