നാറാത്ത്: നാറാത്ത് പഞ്ചായത്തിൽ ജനങ്ങൾ ആഗ്രഹിച്ച ഭരണമാറ്റമാണ് നടന്നതെന്നും, പരാജയഭീതിയിൽ സി.പി.എം നടത്തുന്ന അസംബന്ധ പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും യു.ഡി.എഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പരാജയം സമ്മതിക്കാൻ കഴിയാത്ത സി.പി.എം നേതൃത്വത്തിന്റെ വിഭ്രാന്തിയാണ് യു.ഡി.എഫിനെതിരെയുള്ള ജല്പനങ്ങൾക്ക് പിന്നിലെന്നും നേതൃത്വം കുറ്റപ്പെടുത്തി.
ആധികാരിക വിജയം ഭരണവിരുദ്ധ വികാരം
പഞ്ചായത്തിലെ 11 സീറ്റുകളിലെ വിജയം ഭരണസമിതിക്കെതിരെയുള്ള കൃത്യമായ ജനവിധിയാണ്. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ 3000-ത്തിലധികം വോട്ടിന് യു.ഡി.എഫ് വിജയിച്ചതും, ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വിജയവും യു.ഡി.എഫിന്റെ ജനസ്വാധീനമാണ് വ്യക്തമാക്കുന്നത്. വർഗീയ കക്ഷികളുമായി യു.ഡി.എഫിന് യാതൊരു ബന്ധവുമില്ലെന്നും ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് സി.പി.എം നടത്തുന്നതെന്നും യു.ഡി.എഫ് പരിഹസിച്ചു.
ചടയന്റെ മണ്ണിലെ തിരിച്ചടി സി.പി.എം പരിശോധിക്കണം
വാർഡ് വിഭജനം നടത്തി ഭരണം നിലനിർത്താൻ നടത്തിയ ശ്രമങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തിയപ്പോൾ അണികൾക്ക് മുൻപിൽ പിടിച്ചുനിൽക്കാനാണ് സി.പി.എം ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത്. ചടയൻ ഗോവിന്ദന്റെ മണ്ണായ കമ്പിലിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി സി.പി.എം നേരിട്ടത് ഏത് ഉടമ്പടിയുടെ ഫലമാണെന്ന് അവർ വ്യക്തമാക്കണം. രണ്ടാം വാർഡിൽ ബി.ജെ.പിയുടെ വോട്ട് വർധിച്ചതും വോട്ടിംഗ് പാറ്റേണിലെ മാറ്റങ്ങളും വിശകലനം ചെയ്യാതെ വർഗീയവാദികളെപ്പോലെ സംസാരിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്നതിന് തുല്യമാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.
എസ്.ഡി.പി.ഐ – സി.പി.എം അന്തർധാര
ഒന്നാം വാർഡിലും നാലാം വാർഡിലും യു.ഡി.എഫിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയത് ഏത് ചർച്ചയുടെ ഭാഗമാണെന്ന് ജനങ്ങൾക്കറിയാം. രണ്ടാം വാർഡിൽ എസ്.ഡി.പി.ഐ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ട് ബ്ലോക്കിൽ ആർക്കാണ് ലഭിച്ചതെന്ന് പരിശോധിച്ചാൽ സി.പി.എം – എസ്.ഡി.പി.ഐ ബന്ധം പകൽപോലെ വ്യക്തമാകുമെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
പണക്കൊഴുപ്പ് ആരോപണം അടിസ്ഥാനരഹിതം
വിദേശത്ത് ജോലി ചെയ്യുന്നവർ നാട്ടിലെത്തി വോട്ട് ചെയ്യുന്നത് അവരുടെ ജനാധിപത്യ ബോധ്യത്തിന്റെ ഭാഗമാണ്. അതിനെ പണക്കൊഴുപ്പായി ചിത്രീകരിക്കുന്നത് പ്രവാസികളെ അധിക്ഷേപിക്കലാണ്. നാറാത്ത് പഞ്ചായത്തിൽ പണക്കൊഴുപ്പും അധികാര ദുർവിനിയോഗവും നടത്തിയത് ആരാണെന്ന് തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന ഏതോരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും യു.ഡി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജനകീയ വിധിയെ മാനിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സി.പി.എം തയ്യാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

