തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് പവന് 1,01,600 രൂപയായി വില ഉയർന്നതോടെയാണ് സ്വർണവില പുതിയ റെക്കോർഡ് കുറിച്ചത്.
ഇന്ന് ഗ്രാമിന് 220 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,700 രൂപയായി. പവന് 1,760 രൂപയുടെ വർധനവുമാണ് ഇന്നുണ്ടായത്.
ആഗോള വിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യയിലും സ്വർണവില ഉയരാൻ കാരണമായത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,480 ഡോളർ പിന്നിട്ടു. നിലവിൽ 4,486 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് മാത്രം 3.37 ശതമാനം വർധനവാണ് ആഗോള വിപണിയിൽ രേഖപ്പെടുത്തിയത്.
ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയെതിരെ യുദ്ധപ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ് മുന്നിട്ടിറങ്ങിയതും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. മേഖലയിലുണ്ടാകാവുന്ന വലിയ യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഇതിനൊപ്പം, യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചത് സ്വർണവില ഉയരുന്നതിനുള്ള സാഹചര്യം നേരത്തേ തന്നെ സൃഷ്ടിച്ചിരുന്നു. ആഗോള രാഷ്ട്രീയ രംഗത്ത് തുടരുന്ന അനിശ്ചിതാവസ്ഥകൾ വരും ദിവസങ്ങളിലും സ്വർണവിലയെ ശക്തമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
ഈ പ്രവണത തുടർന്നാൽ അന്താരാഷ്ട്ര വിപണിയിൽ അടുത്ത വർഷം തന്നെ സ്വർണവില ഔൺസിന് 5,000 ഡോളർ തൊടുമെന്ന പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്. 2026ൽ ഫെഡറൽ റിസർവ് ഗവർണർ സ്ഥാനത്ത് നിന്ന് ജെറോം പവൽ വിരമിക്കുന്നതോടെ, പലിശനിരക്ക് കുറയ്ക്കാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന പുതിയ നേതൃത്വം വരാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെയെങ്കിൽ 2026ലും പലിശനിരക്കിൽ ഇളവ് പ്രതീക്ഷിക്കാമെന്നും ഇത് സ്വർണവിലയെ കൂടുതൽ ഉയരത്തിലേക്ക് നയിക്കാമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

