തിരുവനന്തപുരം: എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള രാഷ്ട്രീയ കരുത്ത് ഇപ്പോഴും നിലനിൽക്കുന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിച്ചാൽ നിയമസഭയിൽ 64 സീറ്റുവരെ എൽഡിഎഫിന് ലഭിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെന്ന് തുറന്നു സമ്മതിച്ച ഗോവിന്ദൻ, പരാജയകാരണങ്ങൾ സിപിഐഎമ്മും എൽഡിഎഫും വിശദമായി പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും പറഞ്ഞു. എന്നാൽ, യുഡിഎഫിന് മുൻതൂക്കം ലഭിച്ചതോടെ ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നുവെന്ന വലതുപക്ഷ മാധ്യമ ആഖ്യാനങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്നും ഏഴ് ജില്ലകളിൽ വീതം ഇരുമുന്നണികളും വിജയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നഷ്ടപ്പെട്ട വോട്ടുകളുടെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ എൽഡിഎഫിന് കഴിഞ്ഞതിന്റെ തെളിവാണ് ഏഴ് ജില്ലാ പഞ്ചായത്തുകളിലെ ഭരണനേട്ടമെന്നും ഗോവിന്ദൻ പറഞ്ഞു.
കണക്കുകൾ വിശദമായി പരിശോധിച്ചാൽ, എതിരില്ലാതെ ജയിച്ച വാർഡുകളിലെ വോട്ടുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ എൽഡിഎഫ് 64 സീറ്റിലേക്കെത്തുമെന്ന സൂചനയാണുള്ളത്. ഇത് എൽഡിഎഫിന് തുടർഭരണ സാധ്യത ഇപ്പോഴും നിലനിൽക്കുന്നതായി വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി കേരളത്തിൽ വലിയ രാഷ്ട്രീയ ശക്തിയായി വളർന്നു എന്ന പ്രചാരണവും തെറ്റാണെന്ന് ഗോവിന്ദൻ പറഞ്ഞു. ചില ഇടങ്ങളിൽ സീറ്റുകൾ വർധിപ്പിച്ചെങ്കിലും പ്രധാന നഗരസഭകളും പഞ്ചായത്തുകളും ബിജെപിക്ക് നഷ്ടമായെന്നും, മത-വർഗീയ രാഷ്ട്രീയത്തിനെതിരെ സിപിഐഎമ്മും എൽഡിഎഫും നടത്തുന്ന ചെറുത്തുനിൽപ്പാണ് ബിജെപിയെ കേരളത്തിൽ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ല. നിരവധി തിരിച്ചടികളും തോൽവികളും കടന്നാണ് ഇടതുപക്ഷം ഇന്നത്തെ നിലയിലെത്തിയത്” എന്നും എം.വി. ഗോവിന്ദൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

