രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണോ എന്നത് ആ വ്യക്തിയാണു തീരുമാനിക്കേണ്ടതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Kannadiparamba online news
Screenshot

തിരുവനന്തപുരം:

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണമോ എന്നത് ആ വ്യക്തി തന്നെയാണ് തീരുമാനിക്കേണ്ടത് എന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെക്കുകയും നിയമസഭാ കക്ഷിയിൽ നിന്നുമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തുവെന്നും സണ്ണി ജോസഫ് പറഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ച് ഉചിതമായ സമയത്ത് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിൽ കഴിഞ്ഞിട്ടും എ. പത്മകുമാർ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുണ്ടെന്ന് സണ്ണി ജോസഫ് വിമർശിച്ചു. താൻ പങ്കെടുത്ത യോഗത്തിൽ പത്മകുമാറിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനും സിപിഎമ്മിനും ഇടയിലെ വ്യത്യാസം ഇതാണെന്നും സണ്ണി ജോസഫ് വിമർശിച്ചു.

പത്മകുമാറിനെ പുറത്താക്കിയാൽ കൂടുതൽ സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വരാനിടയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ കേസ് തന്നെ തേച്ചുമായ്ച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പയ്യന്നൂരിലെ സിപിഎം സ്ഥാനാർഥി 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചയാളാണെന്നും, വടക്കാഞ്ചേരിയിലെ സ്ഥാനാർഥി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാണെന്നുമുള്ള ആരോപണവും സണ്ണി ജോസഫ് ഉയർത്തി.

സ്വർണക്കൊള്ളയുടെ ഗൗരവം ഒരു തരത്തിലും കുറയില്ലെന്നും, അത് തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രധാന വിഷയമാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. കോടികളുടെ മൂല്യത്തേക്കാൾ വലിയ മൂല്യം വിശ്വാസികൾ ശബരിമലയിലെ സ്വർണത്തിനു നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുലിനെതിരായ വിവാദം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിൽ ഒരു പ്രതികൂലതയും സൃഷ്ടിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. സിപിഎമ്മിനെപ്പോലെ കോൺഗ്രസിന് സ്വതന്ത്ര കോടതി, സ്വന്തം പൊലീസ് എന്നിവയില്ലെന്നും, അതുകൊണ്ടാണ് രണ്ടാം പരാതി ലഭിച്ച ഉടൻ ഡിജിപിക്കു നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പരാതി മുഖ്യമന്ത്രിക്ക് ലഭിക്കുകയും നടപടി ആരംഭിക്കുകയും ചെയ്തതിനാൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിനെപ്പോലെ കോൺഗ്രസ് സൈബർ ആക്രമണങ്ങൾ നടത്തില്ലെന്നും, മാധ്യമപ്രവർത്തകരെ ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വ്യക്തികളെ നിയന്ത്രിക്കാൻ പരിമിതികളുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!