തൃശൂർ: കണ്ടെയ്നർ ലോറി മരത്തിൽ ഇടിച്ചതിനെ തുടർന്ന് പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ല് തുളച്ച് അകത്ത് കയറിയതോടെ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിര (27) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ, തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.45ഓടെ സംസ്ഥാനപാതയിലെ പെരുമ്പിലാവിനു സമീപമുള്ള കടവല്ലൂർ അമ്പലം സ്റ്റോപ്പിനരികിലായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്ത് നിന്ന് വന്നിരുന്ന കണ്ടെയ്നർ ലോറി റോഡരികിലെ ഒരു മരത്തിൽ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്ന കാറിന് മുകളിലേക്ക് വീണു. കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലിരുന്നു ആതിര. കാറിന്റെ മുൻചില്ല് തുളച്ച് കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻചില്ലും തകർത്തു.
റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടം സൃഷ്ടിച്ച ലോറി നിർത്താതെ കടന്നുപോയി.
എടപ്പാൾ കെ.വി.ആർ ഓട്ടോമൊബൈൽസിൽ ജീവനക്കാരിയായിരുന്നു ആതിര.
ഭർത്താവ്: വിഷ്ണു
സഹോദരങ്ങൾ: അഭിലാഷ്, അനു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

