ശബരിമല തീർത്ഥാടകർക്ക് സിപിആര്‍ ഉള്‍പ്പടെ അടിയന്തരഘട്ട വൈദ്യ സഹായം: ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റു

Kannadiparamba online news
Screenshot

ശബരിമല: തീർത്ഥാടകരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) ആദ്യസംഘം ശബരിമലയിൽ ചുമതലയേറ്റു. തൃശൂർ റീജിയണൽ റെസ്‌പോൺസ് സെന്ററിലെ നാലാം ബറ്റാലിയനിൽപ്പെട്ട 30 അംഗസംഘമാണ് നവംബർ 19-ന് സന്നിധാനത്ത് എത്തിയത്.

സോപാനത്തിനരികിലും നടപ്പന്തലുകളിലുമാണ് സംഘം ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ചുപേരായി സംഘങ്ങൾ മാറിമാറി ഡ്യൂട്ടിയിൽ നിറനിൽക്കുന്നു. ചെന്നൈയിൽ നിന്നുള്ള 38 അംഗ എൻഡിആർഎഫ് സംഘം കൂടി എത്തും.

തീർത്ഥാടകർക്ക് അടിയന്തരസാഹചര്യങ്ങളിൽ സിപിആർ നൽകുന്നതിനും മറ്റ് അടിയന്തര വൈദ്യസഹായങ്ങൾ നൽകുന്നതിനുമുള്ള പ്രത്യേക പരിശീലനം ലഭിച്ച ടീമുകളാണ് ഇവർ. പ്രഥമശുശ്രൂഷ കിറ്റുകൾ, സ്ട്രെച്ചർ എന്നിവ അടങ്ങിയ മെഡിക്കൽ സംവിധാനങ്ങളും സംഘത്തോടൊപ്പം കൊണ്ടുവന്നിട്ടുണ്ട്.

അപകടങ്ങളോ പ്രകൃതിദുരന്തസാഹചര്യങ്ങളോ ഉണ്ടായാൽ അതിവേഗം ഇടപെടാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ഇവർ സജ്ജരാണ. കോൺക്രീറ്റ് കട്ടിംഗ് ഉപകരണങ്ങൾ, ട്രീ കട്ടിംഗ് ഉപകരണങ്ങൾ, റോപ്പ് റെസ്‌ക്യൂ ഉപകരണങ്ങൾ എന്നിവയും സംഘത്തിന്റെ കൈവശമുണ്ട്.

ശബരിമല എഡിഎമ്മിന്റെയും പൊലീസ് സ്പെഷ്യൽ ഓഫീസറുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് എൻഡിആർഎഫ് ടീം കമാൻഡർ ഇൻസ്‌പെക്ടർ ജി. സി. പ്രശാന്ത് അറിയിച്ചു.

അതേസമയം ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശപ്രകാരം സ്പോട്ട് ബുക്കിംഗ് 5,000 പേർക്കായി ചുരുക്കി. ഒരു ദിവസം പരമാവധി 75,000 തീർത്ഥാടകർക്ക് മാത്രമായിരിക്കും ദർശനം അനുവദിക്കുക. തിങ്കളാഴ്ച വരെ നിയന്ത്രണം തുടരും.

ഇന്നലെ 20,000 പേർക്കായിരുന്നു സ്പോട്ട് ബുക്കിംഗ് അനുവദിച്ചത്. എന്നാൽ പുതിയ നിർദേശമനുസരിച്ച് വെർച്വൽ ബുക്കിംഗ് ഷെഡ്യൂൾ ടൈം സ്ലോട്ടിന് 6 മണിക്കൂർ മുമ്പും 18 മണിക്കൂറിന് ശേഷവും മാത്രമേ സ്പോട്ട് ബുക്കിംഗ് അനുവദിക്കൂ. ഈ സമയപരിധിക്ക് പുറത്തുള്ള വെർച്വൽ ക്യു ബുക്കിംഗ് ഇനി പരിഗണിക്കില്ല. കാനനപാതയിലും 5,000 പേർക്കായി മാത്രം പാസ് അനുവദിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

“ഇതുപോലൊരു തിരക്ക് ആവർത്തിക്കില്ല” – കെ. ജയകുമാർ

ശബരിമലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തിരക്കുപിരിവ് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ വ്യക്തമാക്കി. സന്നിധാനത്ത് ദർശനം നടത്താനാകാതെ മാല ഊരിയ തീർത്ഥാടകരോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“ബുദ്ധിമുട്ട് ഉണ്ടായത് സത്യമാണ്. തിരക്ക് നിയന്ത്രണത്തിലെ ഏകോപനക്കുറവാണ് പ്രശ്നമായത്. ആദ്യദിനം ഇത്രയും ആളുകൾ എത്തുമെന്നു പ്രതീക്ഷിച്ചില്ല,” – കെ. ജയകുമാർ പറഞ്ഞു.

പമ്പയിലും നിലയ്ക്കലിലും നിയന്ത്രണം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രം ഭക്തർ എത്തണമെന്ന് നിർദേശം. എല്ലാ ഭാഷകളിലും പരസ്യവും ബോധവൽക്കരണവും നൽകുമെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!