ഇടുക്കി: തൊടുപുഴയ്ക്ക് സമീപം ചീനിക്കുഴിയിൽ അർദ്ധരാത്രിയിൽ മകനെയും മരുമകളെയും അവരുടെ രണ്ട് പെൺമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. ചീനിക്കുഴി ആലിയകുന്നേൽ ഹമീദി (82) നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആഷ് കെ. ബാൽ വധശിക്ഷ വിധിച്ചത്.
പ്രതിയുടെ പ്രായം 82 ആയിരുന്നാലും അത് പരിഗണനയിലാക്കാതെ വധശിക്ഷയാണ് കോടതി വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷയും നാല് ലക്ഷം രൂപ പിഴയും, വീടിന് തീ വെച്ചതിന് 10 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കൂടി കോടതി വിധിച്ചു.
കൂട്ടക്കൊലക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് പ്രതി ആസൂത്രിതമായി കൊലപാതകം നടത്തിയതെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു.
പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്, നിസ്സഹായരായ കുടുംബാംഗങ്ങളെ പ്രതി ജീവനോടെ കത്തിച്ചുവെന്നതും ഇത് മുൻകൂട്ടി ആലോചിച്ച ക്രൂരമായ കൊലപാതകമാണെന്നുമാണ്. ശിക്ഷയ്ക്കിടെ പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഭാഗം പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്ന നിലപാടാണ് എടുത്തത്.
2022 മാർച്ച് 19-നാണ് സംഭവം നടന്നത്. പുലർച്ചെ 12.30ഓടെ ആലിയകുന്നേൽ മുഹമ്മദ് ഫൈസൽ (45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവർ കിടപ്പുമുറിയിൽ വെന്തുമരിച്ചു. അർദ്ധരാത്രിയിൽ കുടുംബം ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി, രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴിയാണ് അകത്തേക്ക് എറിഞ്ഞത്.
നിലവിളിയും പൊട്ടിത്തെറിയും കേട്ട് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. നാല് പേരും മുറിക്കുള്ളിൽ വെന്തുമരിച്ചു.
പ്രോസിക്യൂഷനുവേണ്ടി എം. സുനിൽ മഹേശ്വരൻപിള്ള ഹാജരായി. 71 സാക്ഷികളെ പ്രോസിക്യൂഷനും 3 സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചു. 137 രേഖകൾ തെളിവായി കോടതിയിൽ സമർപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

