വിവിധ പരിപാടികളോടെ ലോക ഹെപ്പറ്റൈറ്റിസ് ദിനം ;ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

kpaonlinenews

കണ്ണൂർ: ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തെളിച്ചം മഞ്ഞപ്പിത്ത രോഗ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെയും ഹെപ്പറ്റൈറ്റിസ് ദിനചാരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മയ്യില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.
ഹെപ്പറ്റൈറ്റിസ്-നമുക്ക് തകര്‍ക്കാം എന്നതാണ് ഇത്തവണത്തെ ദിനാചാരണ സന്ദേശം. തെളിച്ചം കാമ്പയിനിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ, മറക്കല്ലേ മഞ്ഞപിത്തം, പച്ച മഞ്ഞയാകാന്‍ അധിക സമയമില്ല എന്നീ  ബോധവല്‍ക്കരണ പോസ്റ്ററുകളും പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പിന് പുറമെ തദ്ദേശ സ്വയം ഭരണം- ഭക്ഷ്യ സുരക്ഷ വകുപ്പുകള്‍, ശുചിത്വ മിഷന്‍, ഹരിത കര്‍മ സേന, കുടുംബശ്രീ, മറ്റു വകുപ്പുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് ജില്ലയില്‍ തെളിച്ചം ക്യാമ്പയിന്‍ നടത്തുന്നത്. മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ മയ്യില്‍-കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളെ ആരോഗ്യവകുപ്പ് അഭിനന്ദിച്ചു. തുടര്‍ന്ന് ക്യാമ്പയിന്‍ പ്രചാരണത്തിന്റെ ഭാഗമായി വീഡിയോ റീല്‍സ് പുറത്തിറക്കി. ആശ പ്രവര്‍ത്തകരുടെ മഞ്ഞപ്പിത്ത പ്രതിരോധ ഗാനങ്ങളും അരങ്ങേറി. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ മുനീര്‍ അധ്യക്ഷനായിരുന്നു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം.വി അജിത, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.നിജിലേഷ്, മയ്യില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി അനിത, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍, മയില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഷമ, കുറ്റിയാട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി പി ഹരീഷ്, ജില്ലാ എപ്പിഡമോളജിസ്റ്റ് അഖില്‍ രാജ്,  ജില്ലാ ഡെപ്യൂട്ടി എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ ടി.സുധീഷ്, കുറ്റിയാട്ടൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, മയ്യില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപന്‍, വ്യാപാരി വ്യവസായ ഏകോപന സമിതി മയ്യില്‍ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണന്‍, എം ബി മുരളി എന്നിവര്‍ സംസാരിച്ചു. 

മഞ്ഞപ്പിത്തം പടരുന്നതിനുള്ള കാരണങ്ങള്‍

മലിനമായ ജലം  കുടിക്കുകയോ പാചകം ചെയ്യാനായിട്ട് ഉപയോഗിക്കുകയോ ചെയ്യുന്നത് വഴി പകരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. ഇത് വൈറസ് പരത്തുന്ന ഒരു അസുഖമാണ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 14 ദിവസം മുതല്‍ 42 ദിവസത്തിനുള്ളില്‍ ആണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി എന്നിവയാണ് പ്രാരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. പിന്നീട് മഞ്ഞപ്പിത്തത്തോട് അനുബന്ധിച്ച് ശരീരത്തിലെ ബിലുറബിന്‍ ന്റെ അളവ് വര്‍ദ്ധിക്കുകയും കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്യുന്നു. ഇവ പടരുന്നതിനുള്ള പ്രധാന കാരണം വെള്ളം തിളപ്പിക്കാതെയും ശുദ്ധീകരിക്കാതെയും ഉപയോഗിക്കുന്നതാണ്. കൂടാതെ ഒരു വീട്ടില്‍ മഞ്ഞപ്പിത്തം കേസുണ്ടാകുമ്പോള്‍ സമ്പര്‍ക്കത്തിലൂടെ വീട്ടിലെ മറ്റുള്ളവര്‍ക്കും മഞ്ഞപ്പിത്തം ബാധിക്കുന്നത് കണ്ടുവരുന്നു. ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐസ്, ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന വെല്‍കം ഡ്രിങ്ക്സ് എന്നിവയും ഈ അസുഖത്തിന് കാരണമാകുന്നു. ചില പ്രദേശങ്ങളില്‍ സെപ്റ്റിക് ടാങ്കിലെ മലിനജലം കിണറുകളിലേക്കോ മറ്റ് കുടിവെള്ള സ്രോതസ്സുകളിലേക്കോ കലരുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്.

Share This Article
error: Content is protected !!