കണ്ണൂർ:ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളുമായി സംസാരിച്ച് അഡ്വ.ഹാരിസ് ബീരാൻ എം.പി.എല്ലാ
നിയമ സഹായവും ഉറപ്പ് നൽകി. ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളായ ചെറിയാൻ മാത്യു , ജിൽസ് മാത്യു എന്നിവരുമായാണ് അഡ്വ.ഹാരിസ് ബീരാൻ സംസാരിച്ചത് . വീട് സന്ദർശിച്ച ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദറിൻ്റെ ഫോണിലാണ് കുടുംബവുമായി സംസാരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡിലെ കേസ് നടത്തുന്നവരുമായും ഹാരിസ് ബീരാൻ ബന്ധപ്പെട്ടു. ജാമ്യം ലഭിക്കുന്നതിന് ആവശ്യമായി വരികയാണെങ്കിൽ അഡ്വ.കപിൽ സിബലിനെയടക്കം ഓൺ ലൈനായി ഹാജരാക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി . മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ,ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവരുമായും ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ ബന്ധപ്പെട്ടു. എല്ലാ നിയമ സഹായവും പിന്തുണയും നേതാക്കൾ ഉറപ്പ് നൽകി.