കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു എന്ന കാരണത്താൽ അധ്യാപകനും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഫർസീൻ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികാര നടപടികൾ നീതിന്യായ വ്യവസ്ഥിതിയോടുള്ള തികഞ്ഞ അനാദരവും വെല്ലുവിളിയുമാണെന്ന് കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റി. ആറുമാസം കഴിയുമ്പോൾ യുഡിഎഫിന്റെ പുതിയ സർക്കാർ വരുമെന്നും നിയമവിരുദ്ധ നടപടികൾ സ്വീകരിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ ഉണ്ടാകുമെന്നും റിജിൽ മുന്നറിയിപ്പ് നൽകി.ഇവിടെ ജനാധിപത്യപരമായി പ്രതിഷേധിച്ചയാളെ വേട്ടയാടുവാൻ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചാർത്തിയിട്ടും പോലീസിനും ഗവൺമെന്റിനും 3 വർഷമായി ചാർജ് ഷീറ്റ് പോലും നൽകാൻ പറ്റിയിട്ടില്ലെന്നും, പ്രതിഷേധക്കാരെ വേട്ടയാടുവാൻ ശ്രമിക്കുന്നതിന്റെ പത്തിലൊന്ന് ശുഷ്കാന്തി ഗവൺമെൻറ് യഥാർത്ഥ കുറ്റവാളികളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഗോവിന്ദച്ചാമിയെ പോലെയുള്ളവർ ജയിൽ ചാടുന്ന നാണംകെട്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഫർസീൻ മജീദിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പിരിച്ചുവിടൽ ശ്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ മട്ടന്നൂർ AEO ഓഫീസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റിജിൽ മാക്കുറ്റി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷതവഹിച്ചു.യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് വലിയ പ്രവർത്തക പങ്കാളിത്തത്തോടുകൂടി മട്ടന്നൂർ ടൗണിൽ നിന്നും പ്രകടനമായി AEO ഓഫീസ് സ്ഥിതിചെയ്യുന്ന റവന്യൂ ടവറിന് മുന്നിലെത്തി. അവിടെവച്ച് പോലീസും പ്രവർത്തകരും തമ്മിൽ ഒന്നും തള്ളും കയ്യാങ്കളിയും നടന്നു. ഏറെ പണിപ്പെട്ടാണ് പോലീസും മുതിർന്ന കോൺഗ്രസ് നേതാക്കളും ചേർന്ന് പ്രവർത്തകരെ അവിടെനിന്നും പിൻവലിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ ഷിബിന, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്,നിമിഷ രഘുനാഥ് സംസ്ഥാന സെക്രട്ടറിമാരായ റോബർട്ട് വെള്ളാംവള്ളി, യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ജിതിൻ കൊളപ്പ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മഹിത മോഹൻ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ വിജിത്ത് നീലാഞ്ചേരി, നിതിൻ കോമത്ത്, രാഹുൽ മേക്കിലേരി, ശ്രുതി കയനി എന്നിവർ സംസാരിച്ചു.
ഗവൺമെൻ്റിൻ്റെ ചട്ടുകമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ കണക്ക് പറയേണ്ടിവരും: റിജിൽ മാക്കുറ്റി
