ധർമ്മത്തിനാശ്രയം ലോക ബന്ധങ്ങളല്ല: കെ.സി. സോമൻ നമ്പ്യാർ

kpaonlinenews

നാറാത്ത് ▸
ധർമ്മത്തിന് ആശ്രയം ലോക ബന്ധങ്ങളല്ലെന്നും, ആ ബന്ധങ്ങളുടെ വേലി എടുത്തു ചാടിയവരാണ് ലോകത്ത് മഹത്തായ കർമ്മങ്ങൾ ചെയ്തതെന്നും കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ അഭിപ്രായപ്പെട്ടു.

ഓണപ്പറമ്പ് ഓങ്കാര ഭവനത്തിൽ ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 200 വീടുകളിൽ സൗജന്യമായി രാമായണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാമായണം മനുഷ്യജീവിതത്തിന്റെ തനിപ്പകർപ്പാണ്. സമ്പൂർണ്ണമായ ഒരു ജീവിതദർശനമാണ് അതിൽ നിന്നും ലഭിക്കുന്നത്. അതിനാൽ പുതുതലമുറ രാമായണം വായിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്,” – അദ്ദേഹം പറഞ്ഞു.

ചിദഗ്നി ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നൽകി. ഒ. നാരായണൻ, വി.പി. ജോമോൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

ചടങ്ങിൽ സത്സംഗം മാസികയുടെ കൊട്ടിയൂർ സപ്ലിമെന്റിന്റെ പ്രകാശനം വേദിയിൽ വെച്ച് നിർവഹിച്ചു. പ്രശസ്ത കർണാടക സംഗീതജ്ഞയായ വൈഷ്ണവി നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു.
ഒ.സി. സൂരജ് സ്വാഗതവും എം.ടി. ദേവദാസൻ നന്ദിപ്രസംഗവും നിർവഹിച്ചു.

Share This Article
error: Content is protected !!