കണ്ണൂർ മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് പദയാത്രയ്ക്ക് പിന്നാലെയുണ്ടായ സംഘർഷം; കോൺഗ്രസ്, സിപിഎം പ്രവർത്തകർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

Kannadiparamba online news

കണ്ണൂർ: മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. 50 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും 25 സിപിഐഎം പ്രവർത്തകർക്ക് എതിരെയുമാണ് മയ്യിൽ പൊലീസ് കേസെടുത്തത്.

തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ അടുവാപുറത്ത് പുതുതായി സ്ഥാപിച്ച കോൺഗ്രസ്‌ സ്തൂപവും ഇന്നലെ രാത്രി തകർത്തു. നേരത്തെ ഉണ്ടായ സ്തൂപം സിപിഐഎം പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി മലപ്പട്ടത്ത് പദയാത്ര സംഘടിപ്പിച്ചത്.

അഡുവാപ്പുറത്തുനിന്ന് തുടങ്ങിയ പദയാത്ര വൈകിട്ട് ആറോടെ മലപ്പട്ടം ടൗണിലെത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്. യാത്ര മലപ്പട്ടത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയപ്പോൾ ഇരു പാർട്ടിപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പരസ്പരം കുപ്പിയും കല്ലും വടിയും എറിഞ്ഞു. ഇരുകൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പോലീസ് ബസ് ഇരുവർക്കുമിടയിൽ നിർത്തിയിട്ട് പോലീസ് സംഘർഷാവസ്ഥ ഒഴിവാക്കി. തുടർന്ന് യൂത്ത് കോൺഗ്രസ് പൊതുസമ്മേളനം നടത്തി.

കെ.സുധാകരൻ എംപിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കളും സംസാരിച്ചു. സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങവെ വീണ്ടും സംഘർഷമുണ്ടായി. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകരും പദയാത്രയ്ക്കെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും മലപ്പട്ടം ടൗണിലെ പല സ്ഥലങ്ങളിൽ വെച്ച് ഏറ്റുമുട്ടി. വനിതാപ്രവർത്തകർ തമ്മിലും കൈയാങ്കളിയുണ്ടായി. ഇതിനിടെ സിപിഎം പ്രവർത്തകർ ടൗണിലെ തെരുവുവിളക്കുകൾ കെടുത്തി. ഇരുവിഭാഗവും പരസ്പരം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സിപിഎം പ്രവർത്തകരെ മാറ്റണമെന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സിപിഎം പ്രവർത്തകർ നിൽക്കുന്നതിനാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുറത്തുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെന്നാരോപിച്ച് രാഹുൽ റോഡിൽ കുത്തിയിരുന്നു.

രണ്ടരമണിക്കൂറോളം നീണ്ട സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായി ഇരുവിഭാഗവും പറയുന്നു. തങ്ങളുടെ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനാലച്ചില്ലുകൾ തകർത്തതായി സിപിഎം ആരോപിച്ചു.

അഡുവാപ്പുറത്ത് ഗാന്ധിസ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട് ആക്രമിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ അഞ്ചുകിലോമീറ്ററോളം കാൽനടയാത്ര നടത്തിയത്. അഡുവാപ്പുറത്ത് രാഹുലിനെയും കെ.സുധാകരനെയും അധിക്ഷേപിച്ച് ചൊവ്വാഴ്ച രാത്രി പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ‘കള്ളനുവേണ്ടി കളത്തിൽ വ്യാജൻ’, ‘പല്ലുകൊഴിഞ്ഞ സിംഹത്തിന് സ്വാഗതം’ തുടങ്ങിയ വാചകങ്ങളെഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. ഇത് യാത്ര തുടങ്ങും മുൻപ് പോലീസ് എടുത്തുമാറ്റി.

അതേസമയം മലപ്പട്ടത്ത് കോൺഗ്രസ്‌ ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിപിഐഎം ഇന്ന് വൈകിട്ട് പ്രതിഷേധ പൊതുയോഗം വിളിച്ചുചേർത്തിട്ടുണ്ട്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!