കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് കൊല്ലാൻ ശ്രമിച്ച യുവാവും യുവതികളും പിടിയിൽ. തിരുവനന്തപുരം ആറ്റുകാൽ വേളാപുരം സ്വദേശി മുത്തു (37), ആവിക്കരയിലെ സി.എച്ച് ഫസീല (40), പള്ളിപ്രം അഷറഫ് ക്വാട്ടേർസിലെ ടി.എച്ച്.സഫൂറ (42) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ വി.വി.ദീപ്തി, അനുരൂപ്, പി.വിനോദ്കുമാർ, പോലീസ് ഉദ്യോഗസ്ഥരായ നാസർ, റമീസ്,ഷൈജു, ബൈജു, മിഥുൽ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 21 ന് രാത്രി 11 മണിയോടെയാണ് കണ്ണൂർ റെയിൽവെ പ്രവേശന കവാടത്തിന് സമീപം കുത്തേറ്റ നിലയിൽ പശ്ചിമ ബംഗാൾ സ്വദേശി രഞ്ജിത്ത് മംഗാറിനെ (40) ടൗണിൽ പ്രചരണ പോസ്റ്ററുകൾ പതിക്കുകയായിരുന്ന പൊതുപ്രവർത്തകർ കണ്ടെത്തിയത്.തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വയറിന് കുത്തേറ്റ രഞ്ജിത്ത് മംഗാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പണം സംബന്ധിച്ച തർക്കമായിരുന്നു സംഭവത്തിന് കാരണം. ഇയാളുമായി തർക്കമുണ്ടാകുകയും പ്രതികൾ പേഴ്സ് തട്ടിയെടുക്കാൻ ശ്രമിക്കവേ തടഞ്ഞപ്പോൾ മുഖ്യപ്രതിയായ മുത്തു കത്തി കൊണ്ട് വയറിൻ്റെ പള്ളക്ക് കുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു. പൊതുപ്രവർത്തകൻ്റെ പരാതിയിൽകേസെടുത്ത ടൗൺ പോലീസ് അന്വേഷണത്തിൽ സംഭവം നടന്ന റെയിൽവെ കവാടത്തിന് സമീപത്തെയും മറ്റു കെട്ടിടത്തിലെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതികളുടെദൃശ്യം ലഭിച്ചത്.തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത ടൗൺ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ പ്രതിയെയും കൂട്ടുപ്രതികളേയും പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.
യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം ; യുവതികളുൾപ്പെടെ മൂന്ന് പേർ പിടിയിൽ
