ലക്ഷ്യം കന്നിക്കപ്പ്; രഞ്ജി ട്രോഫി ഫൈനലില്‍ കേരളം ഇന്ന് വിദര്‍ഭയ്‌ക്കെതിരേ

kpaonlinenews

നാഗ്പുര്‍: ഏഴുപതിറ്റാണ്ടിന്റെ കാത്തിരിപ്പു കഴിഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടമെന്ന സ്വപ്നം മലയാളക്കരയ്ക്ക് ഒരു വിജയംമാത്രം അകലെയാണിപ്പോള്‍. ബുധനാഴ്ച തുടങ്ങുന്ന രഞ്ജി ഫൈനലില്‍ കേരളം, രണ്ടുവട്ടം ജേതാക്കളായ വിദര്‍ഭയെ നേരിടും. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും.

കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് അത് വീണ്ടെടുക്കാനുള്ള വരവാണിത്. നാഗ്പുരിലെ സ്വന്തം തട്ടകത്തില്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും കാത്തുവെച്ച് അവര്‍ കാത്തിരിക്കുന്നു. പരാജയത്തിന്റെ വക്കില്‍നിന്ന് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഫൈനല്‍വരെ എത്തിയത് കേരളത്തിന് കരുത്താകും. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു.

സെമിയില്‍ കളിച്ച കേരള ടീമില്‍ ചെറിയമാറ്റത്തിന് സാധ്യതയുണ്ട്. രാവിലെ ഈര്‍പ്പമുണ്ടെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയാണ് നാഗ്പുരില്‍. ചൊവ്വാഴ്ച ഉച്ചവരെ ഇരുടീമുകളും പരിശീലനത്തിനിറങ്ങി. രഞ്ജിയിലെ 90-ാം ഫൈനലാണിത്.

Share This Article
error: Content is protected !!