യുഎഇ സന്ദര്‍ശന വിസക്കാരുടെ പരിശോധന കര്‍ശനമാക്കി. സന്ദര്‍ശക വീസയില്‍ യുഎഇയിലേക്കു പോകാന്‍ എത്തുന്നവരുടെ പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളിലും കര്‍ശനമാക്കി. ഇതോടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. പോകുന്നവരുടെ കൈവശം യുഎഇയിലെ ഹോട്ടല്‍ ബുക്കിങ്ങിന്റെ രേഖയും ചെലവിനായി 5000 ദിര്‍ഹവും (1.3 ലക്ഷം രൂപ) ഉണ്ടാകണമെന്ന വ്യവസ്ഥ വിമാനക്കമ്പനികള്‍ കര്‍ശനമായി പാലിച്ചതോടെയാണിത്.
വീസയും വിമാന ടിക്കറ്റും മാത്രമായി എയര്‍പോര്‍ട്ടില്‍ എത്തിയ നൂറുകണക്കിനു പേര്‍ക്ക് ഇന്നലെ മടങ്ങേണ്ടിവന്നു. യുഎഇയില്‍ സ്വീകരിക്കുന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ വീസ, താമസ വിവരങ്ങള്‍ നല്കിയിട്ടു പോലും യാത്ര അനുവദിച്ചില്ല.
യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കാനോ തീയതി മാറ്റി നല്‍കാനോ തയാറായുമില്ല. ഏറെ കാത്തുനിന്ന ശേഷമാണു പലരും മടങ്ങിയത്.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്നലെ ഒട്ടേറെപ്പേര്‍ യാത്ര ചെയ്യാനാകാതെ മടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ യാത്രക്കാരെ തടഞ്ഞുവച്ചതിന്റെ പശ്ചാത്തലത്തിലാണു പരിശോധനകള്‍ കര്‍ശനമാക്കിയത്. ഇന്നലെ മാത്രം ഇരുപതിലേറെപ്പേരെ കൊച്ചിയില്‍ നിന്ന് മടക്കിയയച്ചു. പ്രതിദിനം അഞ്ചുപേരെ വരെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് തിരിച്ചയയ്ക്കുന്നുണ്ട്. ഇതുവരെ 30 പേര്‍ക്കെങ്കിലും കോഴിക്കോട്ടു നിന്ന് യാത്ര മുടങ്ങി.
ആദ്യമായാണ് യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇത്രയധികം നിയന്ത്രണം വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്നത്. ഒരു മാസത്തെ സന്ദര്‍ശക വീസയ്ക്ക് 3000 ദിര്‍ഹവും (68,000 രൂപ) 2 മാസത്തെ വീസയ്ക്ക് 5000 ദിര്‍ഹവുമാണ് കൈവശം വേണ്ടത്. ഇത്രയും തുക ചെലവാക്കാവുന്ന ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായാലും മതി.
യുഎഇ സന്ദര്‍ശനത്തിന് വീസയ്ക്കും മടക്ക യാത്രാ ടിക്കറ്റിനും പുറമേ ഹോട്ടല്‍ ബുക്കിങ്, 5000 ദിര്‍ഹം എന്നിവ നിര്‍ബന്ധമാക്കിയുള്ള അറിയിപ്പ് ചൊവ്വാഴ്ച രാത്രിയോടെ ലഭിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. മതിയായ യാത്രാ രേഖകളില്ലാത്തവര്‍ യുഎഇയില്‍ എത്തുന്നതിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണെന്നും ഓരോ യാത്രക്കാര്‍ക്കും 5000 ദിര്‍ഹം വീതം പിഴ ചുമത്തുമെന്നുമാണ് മുന്നറിയിപ്പ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

