പ്രവാസികൾ മരിച്ചാൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇൻഷുറൻസുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

Kannadiparamba online news

ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ ഇൻഷുറൻസ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാൽ 8 ലക്ഷം രൂപ (35,000 ദിർഹം) മുതൽ 17 ലക്ഷം രൂപ (75,000 ദിർഹം) വരെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണിത്.
യുഎഇയിലെ രണ്ട് പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി. ഗർഗാഷ് ഇൻഷുറൻസ് സർവീസസും ഓറിയന്റ് ഇൻഷുറൻസും ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കമ്പനികളും തമ്മിലുള്ള സംയുക്ത യോഗത്തിലാണ് ഇൻഷുറൻസ്* പാക്കേജിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കിയതെന്ന് കോൺസുലേറ്റ് അറിയിച്ചു.

ബ്ലൂ കോളർ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഇൻഷുറൻസ് പദ്ധതി മരണപ്പെടുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്ക് വലിയ ആശ്വാസമായി മാറുമെന്ന് കോൺസുലേറ്റ് അഭിപ്രായപ്പെട്ടു. 18 മുതൽ 70 വരെ പ്രായമുള്ള ജീവനക്കാർക്ക് ഇതിൽ അംഗമാവാം. ഇൻഷുർ ചെയ്ത തൊഴിലാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് 12,000 ദിർഹം ലഭിക്കും. യുഎഇയിലെ നിരാലംബരായ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്ന ഇൻഷുറൻസ് പ്ലാൻ ആണിതെന്ന് കോൺസുലേറ്റ് വിശദീകരിച്ചു.

വാർഷിക പ്രീമിയം 37 ദിർഹം (735 രൂപ) മുതൽ 72 ദിർഹം (1625 രൂപ) വരെയാണ്. കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം കണ്ട് വലിയ സഹായം ലഭ്യമാവുകയും ചെയ്യും.
മിക്ക കമ്പനികളും ജീവനക്കാരെ ആരോഗ്യ ഇൻഷുറൻസിൽ ചേർക്കുന്നുണ്ടെങ്കിലും സ്വാഭാവിക മരണത്തിന് നിർബന്ധിത ഇൻഷുറൻസ് പരിരക്ഷയില്ല. ജോലിക്കിടെയുണ്ടാവുന്ന പരിക്കുകൾക്കും അപകട മരണങ്ങൾക്കുമാണ് ഇൻഷുറൻസുകളെല്ലാം. 90 ശതമാനത്തിലധികം കേസുകളിലും മരണകാരണം സ്വാഭാവികമാണെന്ന് കാണാം. അതിനാൽ മരിച്ചയാളുടെ നിയമപരമായ അവകാശികൾക്ക് അല്ലെങ്കിൽ ആശ്രിതർക്ക് സ്വാഭാവിക മരണങ്ങളിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും ഇത് പരിഹരിക്കുന്നതാണ് പുതിയ പോളിസിയെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

യുഎഇയിൽ 35 ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. അതിൽ 65 ശതമാനവും ബ്ലൂ കോളർ തൊഴിലാളികളാണ്. യുഎഇയിലെ ഏറ്റവും വലിയ കുടിയേറ്റ തൊഴിലാളികൾ ഇന്ത്യക്കാരാണ്. 2022ൽ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ 1,750 മരണം രജിസ്റ്റർ ചെയ്തതിൽ 1,100ഉം സാധാരണ തൊഴിലാളികളാണ്. 2023ൽ റിപോർട്ട് ചെയ്ത 1,513ൽ 1,000 മരണങ്ങളും തൊഴിലാളികളുടേതായിരുന്നുവെന്നും കോൺസുലേറ്റ് കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!