യു.എ.ഇയില്‍ ക്രിമിനല്‍ കേസില്‍ കുടുക്കിയ കണ്ണാടിപ്പറമ്പ് സ്വദേശിക്ക് മോചനം

Kannadiparamba online news

ദുബായ്: ജോര്‍ദാന്‍ സ്വദേശിയായ തൊഴിലുടമ നല്‍കിയ കേസില്‍ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനില്‍ ദിനേശ്(29) കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. മുന്‍ ജീവനക്കാരന്‍ ചെയ്ത വഞ്ചന കുറ്റത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് ദുബായിലെ പ്രമുഖ ഓട്ടോമേഷന്‍ കമ്പനി നല്‍കിയ കേസില്‍ ദിനേശനും പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. 2022ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുന്‍ ജീവനക്കാരനുമായ പ്രധാന പ്രതിയുടെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ദിനില്‍. ഇതിനിടയില്‍ ബാംഗ്ലൂര്‍ സ്വദേശിയായ ഒന്നാം പ്രതി കമ്പനിയില്‍ നിന്ന് ജോലി രാജിവെച്ച് പോകുകയുണ്ടായി. എന്നാല്‍ ജോലിയില്‍ പ്രയാസം നേരിട്ട ദിനില്‍ ഒന്നാം പ്രതിയുമായി ബന്ധം പുലര്‍ത്തുകയും കമ്പനിയുടെ പേരിലുള്ള ഇമെയില്‍ ഐഡിയും പാസ് വേര്‍ഡും ഇയാള്‍ക്ക് കൈമാറി ജോലിയില്‍ സഹായം സ്വീകരിച്ചു എന്ന് കമ്പനി ആരോപിക്കുകയുണ്ടായി. ഇതിനിടയില്‍ ഒന്നാം പ്രതി കമ്പനി ഇ-മെയില്‍ ഐഡി ദുരുപയോഗം ചെയ്ത് കമ്പനിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഡൂ ടെലികമ്മ്യുണിക്കേഷനില്‍ നിന്ന് വിലയേറിയ ഫോണ്‍ കൈപ്പറ്റി. വിവരമറിഞ്ഞ തൊഴിലുടമ ദിനില്‍ ഉള്‍പ്പെടെ ഇരുവര്‍ക്കുമെതിരെ ജബല്‍ അലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസന്വേഷിക്കുകയും കേസിലെ ഒന്നാം പ്രതിയെ സഹായിച്ചു എന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി ഒന്നാം പ്രതിയുമായി ബന്ധം പുലര്‍ത്തിയിരുന്നതിനാലും ക മ്പനിയുടെ ഇ-മെയിലും പാസ്‌വേര്‍ഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തില്‍ ദിനിലിനെ കുറ്റക്കാരനായി വിധിക്കുകയും ഒന്നര ലക്ഷം ദിര്‍ഹം(33 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും മൂന്ന് മാസം തടവും നാട് കടത്താനും വിധിച്ചു. ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനില്‍ കേസുമായി ബന്ധപ്പെട്ട് പല നിയമസ്ഥാപനങ്ങളെ യും സമീപിച്ചെങ്കിലും ഭീമമായ വക്കീല്‍ ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയും ഒടുവില്‍ യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം കേസ് ഏറ്റെടുക്കുകയും ദിനിലിന് സൗജന്യ നിയമസഹായം നല്‍കുകയും യുഎഇ സ്വദേശി യായ അഭിഭാഷകന്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ്‌റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു. പത്തിലധികം തവണയാണ് കേസില്‍ ഇരുഭാഗങ്ങളും തമ്മില്‍ പരസ്പരം വാദം ഉണ്ടായത്. അഭിഭാഷകന്റെ വാദങ്ങള്‍ക്ക് കൃ ത്യമായ മറുപടി നല്‍കാന്‍ കമ്പനി അധികൃതര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ഇരുവരുടെയും വാദം പരിശോധിച്ച അപ്പീല്‍ കോടതി കേസിന്റെ നിജസ്ഥിതി മനസ്സിലാക്കുകയും ദിനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തെ എല്ലാ ആരോപണത്തില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെ വിടാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!