കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നാല് പതിറ്റാണ്ടുകാലത്തെ ജനറൽ സെക്രട്ടറിയും കേരളീയ മുസ്ലിം സമാജത്തിന് ഏഴ് പതിറ്റാണ്ടുകാലം ആത്മീയ നേതൃത്വം നൽകിയ നായകനുമായ ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ സ്മരണാർത്ഥം കണ്ണൂർ ജില്ലാ ദാരിമീസ് അസോസിയേഷൻ വർഷന്തോറും നടത്തിവരാറുള്ള ‘റബീഉശ്ശംസ്’ പരിപാടികൾക്ക് ഒക്ടോബർ ഒൻപതിന് തുടക്കമാകും. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യം അറിയിച്ചത്.
പ്രധാന പരിപാടികൾ:
ഒക്ടോബർ 9 (വ്യാഴം): വൈകുന്നേരം 4 മണിക്ക് കണ്ണൂർ സയ്യിദ് മുഹമ്മദ് മൗലാ മഖാമിൽ വെച്ച് നടക്കുന്ന ഖത്മുൽ ഖുർആൻ ദുആക്കും ഓതിടലിനും ഹാഫിള് അബ്ദുർറഊഫ് ഫൈസി, ഒ.കെ. മഹമൂദ് മുസ്ലിയാർ കയ്യം എന്നിവർ നേതൃത്വം നൽകും.
ഒക്ടോബർ 10 (ശനി): കണ്ണൂർ ചേംബർ ഹാളിൽ അനുസ്മരണ സമ്മേളനം നടക്കും. രാവിലെ 10 മണിക്ക് സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം ഹുസൈൻ മുസ്ലിയാർ വാരം മുഹ്‌യിദ്ദീൻ മൗലിദിന് നേതൃത്വം നൽകും. ദാരിമീസ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സിറാജുദ്ദീൻ ദാരിമി കക്കാടിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാല ഉദ്ഘാടനം ചെയ്യും. ഡോ. സാലിം ഫൈസി കൊളത്തൂർ, ഇബ്രാഹിം ദാരിമി വയനാട്, പ്രൊഫ. മൗലാനാ സാജിദ് ഹസ്രത്ത് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഒക്ടോബർ 11 (ഞായർ): വൈകുന്നേരം 4:30 മുതൽ സമാപന മഹാസമ്മേളനം നടക്കും. ദാരിമീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ. മുഹമ്മദ് ദാരിമി അരിയിലിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും, വൈസ് പ്രസിഡണ്ട് എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ അനുസ്മരണ പ്രഭാഷണവും നിർവ്വഹിക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സമാപന കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ചടങ്ങിൽ തബർറുക് വിതരണവും അന്നദാനവും ഉണ്ടായിരിക്കും.
വാർത്താസമ്മേളനത്തിൽ കെ.കെ. മുഹമ്മദ് ദാരിമി അരിയിൽ, അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ, സിറാജുദ്ദീൻ ദാരിമി കക്കാട്, സിദ്ദീഖ് ദാരിമി ബക്കളം, അയ്യൂബ് ദാരിമി പൂമംഗലം തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

