കണ്ണൂരിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു; ഒരാഴ്ചയ്ക്കിടെ ഇരുപതിലധികം കേസുകൾ

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പാമ്പുകളുടെ ശല്യം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഇരുപതിലധികം പാമ്പ് ശല്യ കേസ്സുകളാണ് റിപ്പോർട്ട് ചെയ്തത്. വിഷപ്പാമ്പുകളായ രാജവെമ്പാല, അണലി, മൂർഖൻ തുടങ്ങിയവ ജനവാസ മേഖലയിലേക്ക് കടന്നുകയറാനുള്ള സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

കണ്ണൂർ നഗരത്തിലെ തിരക്കേറിയ താവക്കര ബസ് സ്റ്റാൻഡ് റോഡിന് നടുവിൽ ബുധനാഴ്ച രാത്രി ഏഴുമണിയോടെ പത്തി വിടർത്തി നിന്ന മൂർഖൻ പാമ്പ് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ രഞ്ജിത്ത് നാരായണനെത്തി മൂർഖനെ പിടികൂടി സുരക്ഷിത ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. താവക്കരയിലെ ചതുപ്പിൽ നിന്ന് റോഡിലേക്ക് കയറി വന്നതാണ് മൂർഖനെന്നാണ് സംശയിക്കുന്നത്. ഇതിനുപുറമെ, കണ്ണവത്ത് വീടിന്റെ സിറ്റൗട്ടിൽ രാജവെമ്പാലയെയും, കുറുമാത്തൂർ പൊക്കുണ്ടിൽ വീടിന്റെ അടുക്കളയിൽ അണലിയെയും മൂർഖനെയും കണ്ടെത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വനം വകുപ്പിന്റെ ‘സർപ്പ’ ആപ്പിലേക്ക് ഇതുസംബന്ധിച്ച കോളുകളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്.

അപകടസാധ്യതയേറി ചൂടുകാലം

സാധാരണയായി പാമ്പുകൾ ഇണ ചേരുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇവയെ പുറത്ത് കൂടുതലായി കാണാറുള്ളത്. എന്നാൽ നിലവിലെ ശക്തമായ ചൂടുള്ള കാലാവസ്ഥയിൽ പാമ്പുകൾ മാളം വിട്ട് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. ചൂട് ശക്തമാകുമ്പോൾ പാമ്പുകൾക്ക് അക്രമ സ്വഭാവം കൂടാനും വിഷം കൂടുതൽ പ്രയോഗിക്കാനും സാധ്യതയുണ്ടെന്ന് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. വളർച്ചയെത്തിയ പാമ്പുകൾ മനുഷ്യസാന്നിദ്ധ്യം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ, മൂർഖന്റെ ഉൾപ്പെടെയുള്ള കുഞ്ഞുങ്ങൾ യാതൊരു ഭയവുമില്ലാതെ ആഹാരവും വിശ്രമസ്ഥലവും തേടി വീടുകളിലേക്ക് എത്തുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.

അഞ്ച് വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 34 പേർ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കണ്ണൂർ ജില്ലയിൽ പാമ്പ് കടിയേറ്റ് 34 പേർ മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ 18 പുരുഷൻമാരും 16 സ്ത്രീകളുമാണ് മരണമടഞ്ഞത്. ഇതിൽ ഏഴ് വയസ്സുള്ള കുട്ടിയും 83 വയസ്സുള്ള വയോധികയും ഉൾപ്പെടുന്നു. മരിച്ചവരിൽ 86.95 ശതമാനവും അണലിയുടെ കടിയേറ്റാണ് ജീവൻ വെടിഞ്ഞത്. 26 പേർക്ക് കടിയേറ്റത് വീടുകളിലും വീട്ടുപരിസരങ്ങളിൽ വെച്ചുമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. ജോലിസ്ഥലത്ത് വെച്ച് 8 പേർക്കാണ് പാമ്പുകടിയേറ്റത്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!