വൈദ്യുതി പൊള്ളും; ആവശ്യം കുത്തനെ ഉയരുന്നു, രാജ്യത്തെ പീക്ക് ഡിമാൻഡ് 2.67 ലക്ഷം മെഗാവാട്ട്, കേരളത്തിലെ പ്രതിസന്ധി കടുക്കും

Kannadiparamba online news
Screenshot

രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയത്തെ (പീക്ക് അവർ) ആവശ്യം കഴിഞ്ഞദിവസം 2.67 ലക്ഷം മെഗാവാട്ടായി. സർവകാല റെക്കോഡാണിത്. കഴിഞ്ഞവർഷം ഇതേസമയത്ത് 2.32 ലക്ഷമായിരുന്നു. ഈ വർഷം ഏപ്രിലിൽ 2.56 ലക്ഷം മെഗാവാട്ടായിരുന്നു.

ആവശ്യം ഇനിയും ഉയരാനാണ് സാധ്യത. ഇതോടെ കേരളം നേരിടുന്ന വൈദ്യുതിപ്രതിസന്ധി അതിരൂക്ഷമാകും. രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ് നിയന്ത്രിക്കുന്ന ‘ഗ്രിഡ് ഇന്ത്യ’യുടെ രേഖപ്രകാരം തമിഴ്‌നാടാണ് ഏറ്റവും കൂടുതൽ വൈദ്യുതിപ്രതിസന്ധി നേരിടുന്നത്. ഇവിടെ 912 മെഗാവാട്ടിന്റെ കുറവുണ്ട്. രണ്ടാംസ്ഥാനത്ത് 639 മെഗാവാട്ട് കുറവുള്ള കേരളവും മൂന്നാം സ്ഥാനത്ത് 313 മെഗാവാട്ട് കമ്മിയായ രാജസ്ഥാനുമാണ്. രാജ്യത്തെ അഞ്ചുമേഖലകളാക്കി തിരിച്ചാണ് ‘ഗ്രിഡ് ഇന്ത്യ’യുടെ ഗ്രിഡ് നിയന്ത്രണം. ഇതിൽ കിഴക്കൻമേഖലയൊഴികെ മറ്റു നാലുമേഖലകളും വൈദ്യുതിപ്രതിസന്ധി നേരിടുന്നുണ്ട്.

കേരളത്തിന്റെ പീക്ക് അവർ രാത്രിയിലാണെങ്കിൽ വ്യവസായസ്ഥാപനങ്ങൾ ധാരാളമുള്ള ഉത്തരേന്ത്യയിൽ പകലാണ്. വൈദ്യുതി ആവശ്യം സർവകാല റെക്കോഡിലെത്തിയതായി കാണിച്ചിരിക്കുന്നത് വൈകീട്ട് 3.48-നാണ്. ഉത്തരേന്ത്യയിൽ നവരാത്രി, ദീപാവലി സമയങ്ങളിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുണ്ടാവാറുള്ളത്. അതായത് ഒക്ടോബർ പകുതിയോടെ ഉപഭോഗം വർധിക്കും. ഇതോടെ കേരളത്തിന് മറ്റുസംസ്ഥാനങ്ങളിൽനിന്ന് ആവശ്യത്തിനു ലഭിക്കാത്ത സ്ഥിതിയുണ്ടാകും.

വെള്ളിയാഴ്ച കേരളത്തിന്റെ പ്രതിദിന ഉപഭോഗം 9.63 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞവർഷം ഇതേസമയത്ത് 8.94 കോടി യൂണിറ്റും. കേരളത്തിന്റെ പീക്ക് ഡിമാൻഡ് (രാത്രി ആവശ്യകത) വ്യാഴാഴ്ച 5045 മെഗാവാട്ടായി. കഴിഞ്ഞവർഷം 4443 മെഗാവാട്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!