കണ്ണൂർ: കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി മൂലം കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസുടമകൾ യാത്രാ നിരക്കും വിദ്യാർത്ഥികളുടെ കൺസഷനും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലേക്ക്. മിനിമം ചാർജ് 15 രൂപയായും വിദ്യാർത്ഥികളുടെ കൺസഷൻ 5 രൂപയായും വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. നാളെ പാലക്കാട്ട് ചേരുന്ന ബസുടമകളുടെ യോഗത്തിൽ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ ഇതിനകം നൂറിലധികം ബസുകൾ സർവീസ് അവസാനിപ്പിച്ചിട്ടുണ്ട്. കണ്ണൂർ-പയ്യന്നൂർ, പയ്യന്നൂർ-കാസർകോട്, ഇരിട്ടി-കണ്ണൂർ, തളിപ്പറമ്പ്-പയ്യാവൂർ, തളിപ്പറമ്പ്-ആലക്കോട് റൂട്ടുകളിലാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ യാത്ര സ്വകാര്യ ബസുകളെ പ്രതികൂലമായി ബാധിച്ചത്. സ്പെയർ പാർട്സ്, ടയർ, ഓയിൽ എന്നിവയ്ക്ക് 50 ശതമാനത്തിലധികം വില വർദ്ധിച്ചതും ഇന്ധന-തൊഴിലാളി ചിലവുകൾ കൂടിയതും മേഖലയെ കടുത്ത കടക്കെണിയിലാക്കിയെന്ന് ഉടമകൾ പറയുന്നു. പ്രശ്നത്തിൽ ഉടൻ സർക്കാർ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
അതേസമയം, പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടി. റൂട്ടും സമയവും പുതുക്കുക, കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക തുടങ്ങിയ ശുപാർശകൾ മാത്രമാണ് റിപ്പോർട്ടിലുള്ളതെന്നും, തങ്ങൾക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളൊന്നും ഇതിലില്ലെന്നുമാണ് ബസുടമകളുടെ നിലപാട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

