സി.പി.എം. നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് 18 വർഷം തടവ്

Kannadiparamba online news
Screenshot

തളിപ്പറമ്പ്: രാമന്തളി വടക്കുമ്പാട്ടെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ കെ. വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് തടവും പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് പ്രതികളെ ശിക്ഷിച്ചത്.

വടക്കുമ്പാട് സ്വദേശികളായ താളിക്കാരൻ ഹൗസിൽ ഹന്നൻ (36), അറുമാടിയിൽ ഹൗസിൽ മുഹമ്മദ് അബ്ദുള്ള (36), എം.പി. ഫൈസൽ (30) എന്നിവരെയാണ് ശിക്ഷിച്ചത്. വിവിധ ഐ.പി.സി. വകുപ്പുകൾ പ്രകാരം യഥാക്രമം 10 വർഷം, 7 വർഷം, ഒരു വർഷം എന്നിങ്ങനെ ആകെ 18 വർഷം തടവാണ് വിധിച്ചതെങ്കിലും പ്രതികൾ കൂടിയ ശിക്ഷയായ 10 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി. ഓരോരുത്തരും മൂന്നുലക്ഷം രൂപ വീതം പിഴയടക്കണം. പിഴത്തുകയായ ഒൻപതുലക്ഷം രൂപ അക്രമത്തിനിരയായ വിജയന് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2017 സെപ്റ്റംബർ 26-ന് വൈകിട്ട് 6.30-നായിരുന്നു കേസിനാസ്പദമായ സംഭവം. ഓണാഘോഷ പരിപാടി കഴിഞ്ഞ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന്റെ വാടക നൽകാൻ വടക്കുമ്പാട്ടെത്തിയതായിരുന്നു വിജയൻ. സ്ഥാപനത്തിനു മുന്നിൽ സംസാരിച്ചുനിൽക്കവേ ഒന്നാം പ്രതി വാളുപയോഗിച്ച് വെട്ടിയും രണ്ടും മൂന്നും പ്രതികൾ ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. പയ്യന്നൂർ പോലീസാണ് കേസ് അന്വേഷിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!