തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫ്. സർക്കാർ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡിയും ഇ.ഡിയും ഒത്തുചേർന്ന പ്രത്യേക കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും അതിന്റെ ഭാഗമായാണ് ഇ.ഡി. നിർദേശപ്രകാരം കേസെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം യു.ഡി.എഫ്. സർക്കാരും പിന്തുടരുകയാണ്. കോലീബി കാലം തൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് പരസ്പര സഹായം നൽകിയവർ ഭരണത്തിൽ എത്തിയപ്പോഴും ആ ബന്ധം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ നടപടികൾ എന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇ.ഡിക്ക് ലഭിച്ച മൊഴികൾ ഒന്നൊഴിയാതെ പിൻവലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് കേട്ടകേൾവി പോലുമില്ലാത്ത കാര്യമാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഈ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. രാഷ്ട്രീയ വേട്ടയ്ക്കെതിരെ സി.പി.ഐ.എം. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ വിഷയങ്ങളിലും അദ്ദേഹം സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു. ആരോഗ്യമേഖലയിൽ ഗുരുതര പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും മരുന്നുകൾ ലഭ്യമല്ലെന്നും ചികിത്സാ പിഴവുകൾ വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കെതിരെ സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളാണ് ഉണ്ടാകുന്നത്. മാനേജ്മെന്റുമായുള്ള തർക്കത്തിൽ പാർട്ടി ഇടപെടുന്നില്ലെങ്കിലും എഡിറ്റോറിയൽ മുറിയിൽ നേരിട്ടെത്തി പോലീസ് ഫോൺ പിടിച്ചെടുക്കുന്നത് കേട്ടകേൾിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

