കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂരിൽ തെരുവ് നായ ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വയോധികന് നായയുടെ കടിയേൽക്കുകയും ബൈക്ക് യാത്രക്കാരന് തെരുവ് നായ കുറുകെ ചാടി പരുക്കേൽക്കുകയും ചെയ്തു.
ടാക്സി ഡ്രൈവറായ കുറ്റ്യാട്ടൂർ കോയ്യോട്ടുമൂല കെ.പി. പാർക്കിന് സമീപത്തെ ടി.സി. മുഹമ്മദിനാണ് (59) തെരുവ് നായയുടെ കടിയേറ്റത്.
കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തെ റോഡിൽ വെച്ചായിരുന്നു ആക്രമണം. വലതുകാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ മുഹമ്മദ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോയ്യോട്ടുമൂലയിൽ മാസങ്ങളായി അലഞ്ഞുതിരിയുന്ന ആറോളം നായ്ക്കളാണ് ജനജീവിതത്തിന് ഭീഷണിയാകുന്നത്. മദ്രസ, അങ്കണവാടി കുട്ടികൾക്കും പ്രഭാതസവാരി നടത്തുന്നവർക്കും ഈ നായക്കൂട്ടം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
മറ്റൊരു സംഭവത്തിൽ, ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് മുൻവശത്തെ മാവിലാക്കണ്ടി സി.കെ. ഷാജിക്ക് തെരുവ് നായ കുറുകെ ചാടി പരുക്കേറ്റു. മയ്യിൽ ഭാഗത്തുനിന്നും കുറ്റ്യാട്ടൂരിലേക്ക് വരികയായിരുന്ന ഷാജിയുടെ ബൈക്കിന് മുന്നിലേക്ക് ഐ.ടി.എം കോളേജിന് മുന്നിൽ വെച്ച് നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ഷാജിയുടെ കാലിലേക്ക് ബൈക്ക് വീണ് പരുക്കേൽക്കുകയും ചെയ്തു. ഇദ്ദേഹം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശത്തെ തെരുവ് നായ ശല്യത്തിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

