കണ്ണൂർ: ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം ജനം ഇന്ന് വിധിയെഴുതാൻ ബൂത്തിലേക്ക്. കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 21,76,984 വോട്ടർമാരാണ് ഇന്ന് (ഏപ്രിൽ 9) സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
വോട്ടെടുപ്പിന് മുന്നോടിയായി പോളിംഗ് ബൂത്തുകളിലേക്കുള്ള സാധന സാമഗ്രികൾ 11 മണ്ഡലങ്ങളിലെയും അതാത് വിതരണ കേന്ദ്രങ്ങളിൽ ബുധനാഴ്ച്ച രാവിലെ 8 മണി മുതൽ വിതരണം ചെയ്തിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് തന്നെ എല്ലായിടത്തും വിതരണം പൂർത്തിയാക്കി ഉദ്യോഗസ്ഥർ കനത്ത സുരക്ഷയിൽ ബസുകളിൽ ബൂത്തുകളിലേക്ക് യാത്രയായി.
മട്ടന്നൂർ മണ്ഡലത്തിലെ വിതരണ കേന്ദ്രമായ മട്ടന്നൂർ എച്ച്.എസ്.എസിൽ രാവിലെ എട്ട് മണിക്ക് വരണാധികാരിയെത്തി സ്ട്രോങ്ങ് റൂം തുറന്നു. 20 കൗണ്ടറുകളിൽ നിന്നായ് ആദ്യം കിറ്റ് വിതരണം ചെയ്തു. മാർക്ക്ഡ് കോപ്പികൾ, സ്റ്റാറ്റ്യുട്ടറി-നോൺ സ്റ്റാറ്റ്യുട്ടറി ഫോമുകൾ, മഷി, പശ, മാർക്കർ, സീൽ, നൂൽ മുതലായവ അടങ്ങിയ കിറ്റിലെ സാധനങ്ങൾ ഉദ്യോഗസ്ഥർ ചെക് ലിസ്റ്റ് പ്രകാരം ഒത്തുനോക്കി ബോധ്യപ്പെട്ടു. തുടർന്നാണ് വോട്ടിംഗ് യന്ത്രം, ബാലറ്റ് യൂണിറ്റ്, വി.വി പാറ്റ് എന്നിവ ഏറ്റുവാങ്ങിയത്.
കൂത്തുപറമ്പ് മണ്ഡലത്തിലെ വിതരണ കേന്ദ്രമായ നിർമ്മലഗിരി കോളേജിൽ 20 കൗണ്ടറുകളിൽ നിന്നായി ടീമുകൾക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു. ഇവിടെ ഒരു ടീമിലെ രണ്ട് പേർ അവധിയായതിനാൽ റിസർവിൽ നിന്നും പകരം രണ്ട് പേരെ ഉൾപ്പെടുത്തി. മറ്റ് മണ്ഡലങ്ങളിലും പോളിംഗ് സാമഗ്രികളുടെ വിതരണം കൃത്യ സമയത്ത് തന്നെ പൂർത്തീകരിച്ചു.
വോട്ടെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 5.30-ന് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ എല്ലാ ബൂത്തുകളിലും മോക്ക് പോൾ നടപടികൾ പൂർത്തിയാക്കി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മൈക്രോ ഒബ്സർവർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോക്ക് പോൾ നടന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

