നാല് ദിവസത്തെ ആശങ്കകൾക്ക് വിരാമം; കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി, സുരക്ഷിത

Kannadiparamba online news
Screenshot

മടിക്കേരി: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയും കൊച്ചിയിൽ ഐ.ടി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെയാണ് നാലാം ദിവസത്തെ തിരച്ചിലിനൊടുവിൽ വനമേഖലയിൽ നിന്നും സുരക്ഷിതമായി കണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണെന്നും ആരോഗ്യപരിശോധനകൾക്കായി മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും തിരച്ചിൽ സംഘത്തിലുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.

കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനായാണ് ശരണ്യ ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തിയത്. എന്നാൽ കാട്ടാന ശല്യമുള്ളതിനാൽ കയറ്റിവിടാനാകില്ലെന്ന് വനംവകുപ്പ് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് യാവകപ്പാടിയിലെ ഹോം സ്റ്റേയിൽ മുറിയെടുത്തു. പിന്നീട് വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെ ഏപ്രിൽ 2-ന് രാവിലെ പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യ ട്രക്കിംഗ് ആരംഭിച്ചത്. എന്നാൽ, വനത്തിനുള്ളിൽ വെച്ച് ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു.

വഴിതെറ്റിയെന്ന സന്ദേശം അന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോം സ്റ്റേ അധികൃതർക്ക് ലഭിച്ചിരുന്നു. ശരണ്യക്കൊപ്പം പോയവർ വ്യാഴാഴ്ച വൈകീട്ട് മടങ്ങിയെത്തി. കൂടെപ്പോയവരോട് ചോദിച്ചപ്പോൾ മലമുകളിൽ ഒരു നായയോടൊപ്പം കളിച്ചു നിൽക്കുന്നുണ്ടായിരുന്നു എന്നായിരുന്നു മറുപടി. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. തുടർന്ന് വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് വലിയൊരു ആശ്വാസ വാർത്തയെത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!