കണ്ണൂർ: ജില്ലാ ആസ്ഥാനമായ കണ്ണൂരിനെ ആധുനിക നഗരമാക്കി മാറ്റുന്നതിനുള്ള ഒട്ടേറെ പദ്ധതികൾ മുന്നോട്ടുവെച്ച് എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. കണ്ണൂർ ശിക്ഷക് ഭവനിൽ നടന്ന ചടങ്ങിൽ സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പ്രകടന പത്രിക പ്രകാശനം ചെയ്തു. സാധാരണക്കാരെയും പാവപ്പെട്ടവരെയും സ്ത്രീകളെയും പ്രായമായവരെയും ചേർത്തുപിടിച്ച് ഒരു നൂതന നഗരം സൃഷ്ടിക്കാനാവശ്യമായ പദ്ധതികളാണ് കണ്ണൂരിൽ എൽ.ഡി.എഫ് വിഭാവനം ചെയ്യുന്നത്.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ:
• ഗതാഗതം & പശ്ചാത്തല വികസനം: മേലെ ചൊവ്വ – മട്ടന്നൂർ, മേലെ ചൊവ്വ – കിഴുത്തള്ളി റോഡുകൾ വീതികൂട്ടി ദേശീയപാതാ നിലവാരത്തിലാക്കും. എല്ലാ പ്രധാന റോഡുകളും മെക്കാഡം ചെയ്യും. കക്കാട് – കരിക്കൻ കണ്ടി ചിറ തീരദേശ റോഡ്, എളയാവൂർ വയൽ തോട് റോഡ് എന്നിവ യാഥാർത്ഥ്യമാക്കും. നഗരത്തിലെ വൈദ്യുതി കേബിളുകൾ ഭൂമിക്കടിയിലാക്കും.
• വിദ്യാഭ്യാസം: കണ്ണൂരിൽ ലോ കോളേജ്, ഐ.എ.എസ് അക്കാദമി, കണ്ണൂർ പോളിയിൽ ഇന്നോവേഷൻ സെന്റർ എന്നിവ ആരംഭിക്കും. എല്ലാ വിദ്യാലയങ്ങളിലും സോളാർ പ്ലാന്റുകൾ സ്ഥാപിക്കും.
• ആരോഗ്യം: ജില്ലാ ആശുപത്രിയിൽ കൂട്ടിരുപ്പുകാർക്ക് വിശ്രമകേന്ദ്രം, കൂടുതൽ പേവാർഡുകൾ, പാലിയേറ്റീവ് കേന്ദ്രം എന്നിവ ഒരുക്കും. ജില്ലാ ആയുർവേദ ആശുപത്രി വിപുലീകരിക്കും, സിറ്റിയിൽ പുതിയ ആയുർവേദ ആശുപത്രി തുടങ്ങും.
• പൊതുസൗകര്യങ്ങൾ: ആധുനിക കൺവൻഷൻ സെന്റർ, സ്റ്റാർ ഹോട്ടലുകൾ, വഴിയോര ശൗചാലയങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവ നിർമ്മിക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കും. പയ്യമ്പലം ശ്മശാനം നവീകരിക്കും.
• കായികം: കണ്ണൂർ ജവഹർ സ്റ്റേഡിയം, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, കാനച്ചേരി സ്റ്റേഡിയം എന്നിവയുടെ നവീകരണം.
ചടങ്ങിൽ പി.കെ. ശബരീഷ് സ്വാഗതം പറഞ്ഞു. എൻ. ചന്ദ്രൻ, കെ.പി. സഹദേവൻ, കെ.പി. സുധാകരൻ, സി.പി. സന്തോഷ്, യു. ബാബു ഗോപിനാഥ്, ഇ.പി.ആർ. വേശാല, രാഗേഷ് മന്ദമ്പേത്ത്, കെ.പി. പ്രശാന്ത്, കെ.കെ. ജയപ്രകാശ്, അസ്ലം പിലാക്കൽ, എൻ. ഉഷ, പി. അജയകുമാർ, മഹമ്മൂദ് പറക്കാട്ട് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

