കണ്ണൂരിൽ ബഹുനില പാർക്കിങ്ങ് കേന്ദ്രം അടച്ചിട്ടതിനെതിരെ പ്രതിഷേധം; സമരം ഉദ്ഘാടനം ചെയ്ത് രാമചന്ദ്രൻ കടന്നപ്പള്ളി

Kannadiparamba online news
Screenshot

കണ്ണൂർ: നഗരത്തിലെ ബഹുനില പാർക്കിങ്ങ് സമുച്ചയം അടച്ചിട്ടതിനെതിരെ വൻ പ്രതിഷേധം. കരാറുകാർക്ക് പണം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം പാർക്കിങ്ങ് കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇതോടെ നഗരത്തിലെത്തുന്നവർ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടേണ്ട ഗതികേടിലാണ്. ഇതിൽ പ്രതിഷേധിച്ചാണ് അടച്ചിട്ട പാർക്കിങ് കേന്ദ്രത്തിന് മുന്നിലും കോർപ്പറേഷൻ മേയർക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി സമരം ഉദ്ഘാടനം ചെയ്തു.

കണ്ണൂർ കോർപ്പറേഷൻ്റെയും മുൻ മേയറുടെയും അഴിമതിയുടെ സ്മാരകമാണ് ഈ പാർക്കിങ് കേന്ദ്രമെന്ന ബാനറുകളുയർത്തിയായിരുന്നു ജനങ്ങളുടെയും നഗരസഭാ കൗൺസിലർമാരുടെയും പ്രതിഷേധം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 12.5 കോടി രൂപയാണ് ഈ പദ്ധതിക്ക് അനുവദിച്ചത്. ഈ തുക എവിടെ പോയെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

നഗരത്തിലെത്തുന്ന കാറുകൾക്ക് പാർക്ക് ചെയ്യുന്നതിനായി സ്റ്റേഡിയത്തിന് സമീപവും ബാങ്ക് റോഡിൽ എസ്.ബി.ഐക്ക് മുന്നിലായുമാണ് രണ്ട് ബഹുനില പാർക്കിങ് സമുച്ചയങ്ങൾ നിർമിച്ചത്. ഇതിൽ സ്റ്റേഡിയത്തിന് സമീപമുള്ള പാർക്കിങ് കേന്ദ്രം കഴിഞ്ഞ ഒക്ടോബറിലാണ് തുറന്നതെങ്കിലും ഏതാനും മാസങ്ങൾക്കകം അടച്ചുപൂട്ടി. ബാങ്കിന് മുന്നിലുള്ളത് ഇതുവരെ തുറന്നിട്ടുമില്ല.

പൂനെയിലെ ഏജുസോഫ്റ്റ് എന്ന ഏജൻസിയാണ് ഇതിന്റെ കരാർ എടുത്തിരുന്നത്. ആദ്യഘട്ട പ്രവൃത്തിക്കും അറ്റകുറ്റപ്പണിക്കുമായി 60 ലക്ഷം രൂപയാണ് കരാറുകാർ ആവശ്യപ്പെട്ടത്. മാസങ്ങൾ കഴിഞ്ഞിട്ടും ഈ തുക കോർപ്പറേഷൻ നൽകാത്തതിനെ തുടർന്നാണ് കരാറുകാർ പ്രവർത്തനം അവസാനിപ്പിച്ചത്.

പ്രതിഷേധ സമരത്തിൽ പി.കെ. ശബരീഷ്, പി. അജയകുമാർ, സി. ധീരജ്, കെ.പി. പ്രശാന്ത്, കോർപ്പറേഷൻ കൗൺസിലർ വി.കെ. പ്രകാശിനി എന്നിവർ സംസാരിച്ചു. യു. ബാബു ഗോപിനാഥ് സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ കെ.പി. അനിൽകുമാർ, ഡോ. വത്സല, കെ. സരസ്വതി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!