മന്ത്രിയുടെ കഴിവുകേടിന് കോർപ്പറേഷനെ മറയാക്കുന്നു; സംസ്ഥാന സർക്കാർ രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്ന് കണ്ണൂർ മേയർ

Anees kannadiparamba

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനോട് സംസ്ഥാന സർക്കാർ കടുത്ത രാഷ്ട്രീയ വിവേചനമാണ് കാണിക്കുന്നതെന്നും സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കോർപ്പറേഷനെ മറയാക്കുകയാണെന്നും കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിര ആരോപിച്ചു. കോർപ്പറേഷനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ പത്തുവർഷമായി കണ്ണൂർ എം.എൽ.എയുടെ കെടുകാര്യസ്ഥത പകൽ പോലെ വ്യക്തമാണ്. കാലാവധി അവസാനിക്കാറാവുമ്പോഴാണ് തനിക്കൊരു എം.എൽ.എ ഉണ്ടെന്നും അദ്ദേഹം മന്ത്രിയാണെന്നും ജനങ്ങൾ അറിയുന്നത്. ഇപ്പോൾ പൂർത്തിയാകാത്ത പ്രവൃത്തികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയാണ്. കോർപ്പറേഷന്റെ സ്ഥലങ്ങളിൽ പോലും അനുമതിയില്ലാതെയാണ് നിർമ്മാണങ്ങൾ തുടങ്ങുന്നതെന്നും മേയർ പറഞ്ഞു. ടൗൺ സ്ക്വയറിലെ നിയമവിരുദ്ധ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത് നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണെന്നും മേയർ വ്യക്തമാക്കി.

വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നൽകാതെയും, ഉള്ളവരെ സ്ഥലം മാറ്റിയും നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ സർക്കാർ താളം തെറ്റിക്കുകയാണ്. ആവശ്യത്തിന് അസിസ്റ്റന്റ് എൻജിനീയർമാരോ ഓവർസീയർമാരോ ഇല്ല. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പദ്ധതികൾ താളം തെറ്റുന്നു. ട്രഷറിയിൽ അനൗദ്യോഗിക നിയന്ത്രണം വന്നതിനാൽ ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ബില്ലുകൾ പോലും ട്രഷറി പാസാക്കാതെ മടക്കുകയാണെന്നും മേയർ കുറ്റപ്പെടുത്തി.

ശുചിത്വ-മാലിന്യ സംസ്കരണ മികവിൽ സംസ്ഥാനത്തെ നഗരസഭകളിൽ ഒന്നാം സ്ഥാനം കണ്ണൂർ കോർപ്പറേഷനാണെങ്കിലും യു.ഡി.എഫ് ഭരിക്കുന്നതിനാൽ ആ വിവരം സർക്കാർ പുറത്തുവിടുകയോ പുരസ്കാരം നൽകുകയോ ചെയ്തില്ലെന്നും മേയർ ആരോപിച്ചു. പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, മുഹമ്മദലി വി.കെ, അഡ്വ. സോനാ ജയറാം എന്നിവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!