കണ്ണാടിപ്പറമ്പ്: മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി കണ്ണാടിപ്പറമ്പ് എൽ.പി സ്കൂളിൽ വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് സ്കൂളിൽ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കുചേർന്നു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഇഫ്താർ സന്ദേശം നൽകി.
കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൈവിധ്യമാർന്ന വിഭവങ്ങളും പഴവർഗ്ഗങ്ങളും വിരുന്നിനെ പ്രൗഢമാക്കി. പത്തൽ, കല്ലുമ്മക്കായ, പഴംപൊരി, സാൻഡ്‌വിച്ച്, ഉണ്ടപ്പൊരി, പത്തിരി തുടങ്ങിയവയും തണ്ണിമത്തൻ, മുന്തിരി, ഈന്തപ്പഴം, ആപ്പിൾ തുടങ്ങി വിവിധതരം പഴങ്ങളും വിരുന്നിന്റെ മാറ്റുകൂട്ടി. ഇതിനുപുറമെ സ്കൂളിൽ നിന്ന് തന്നെ തയ്യാറാക്കിയ നെയ്ച്ചോറും ചിക്കൻ കറിയും മറ്റ് വിഭവങ്ങളും ഇഫ്താറിനെ കൂടുതൽ രുചികരമാക്കി.
കാൽ കൊണ്ട് ചിത്രം വരച്ച് അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും നേടിയ അനജ് കണ്ണാടിപ്പറമ്പ് ചടങ്ങിൽ വിശിഷ്ടാതിഥിയായി. അനജ് കാൽ കൊണ്ട് മരപ്പൊടി ഉപയോഗിച്ച് ഉദ്ഘാടകയായ ജാൻസി ജോണിന്റെ ചിത്രം വരച്ചത് സദസ്സിൽ വലിയ കൗതുകമുണർത്തി.
വാർഡ് മെമ്പർ ഉഷ പട്ടൻ, മുൻ വാർഡ് മെമ്പർ കാണി ചന്ദ്രൻ, സ്കൂൾ പ്രധാനാധ്യാപിക രമ്യാ രാജൻ, റിട്ട. പ്രധാനാധ്യാപിക പി. ശോഭ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പാറപ്രം, മദർ പി.ടി.എ പ്രസിഡണ്ട് മഞ്ജു സുധീഷ്, മാനേജ്‌മെന്റ് പ്രതിനിധി ശ്രീലത, സഹകരണ ബാങ്ക് സെക്രട്ടറി എലിയൻ പുരുഷോത്തമൻ, വനിതാ സഹകരണ സംഘം സെക്രട്ടറി ഷൈലജ, കെ. ബൈജു, മൊളച്ചൻ സന്തോഷ് എന്നിവരും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. അധ്യാപികമാരായ കെ.വി. നിഷ, രമ്യാ രാജൻ, നസീമ, പി. ഹസീന, ബീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

