മയ്യിൽ: കൃഷി ഉപേക്ഷിച്ചവർക്കും പുതുതലമുറയ്ക്കും പാഠമാകുകയാണ് മയ്യിൽ കവിളിയോട്ട്ചാൽ പാടശേഖരത്തിലെ ഈ അഞ്ചംഗ സംഘം. പന്നിശല്യവും തൊഴിലാളി ക്ഷാമവും കാരണം തരിശായി കിടന്ന മൂന്നേക്കർ വയലിലാണ് വ്യത്യസ്ത തൊഴിൽ മേഖലകളിൽ നിന്ന് വിരമിച്ച അഞ്ച് സുഹൃത്തുക്കൾ ചേർന്ന് നൂറുമേനി വിളയിച്ചത്.
കവിളിയോട്ട്ചാൽ ജനകീയ വായനശാലാ പ്രവർത്തക സമിതി അംഗങ്ങളായ ഇ.എം. സുരേഷ് ബാബു (മുൻ പഞ്ചായത്തംഗം), കെ.പി. ചന്ദ്രൻ (മുൻ അധ്യാപകൻ), സി.കെ. പ്രേമരാജൻ (മുൻ പ്രവാസി), എം. രാജൻ (മുൻ ചെത്തുതൊഴിലാളി), ടി. ചന്ദ്രൻ എന്നിവരാണ് ഈ മാതൃകാപരമായ കൃഷിക്ക് പിന്നിൽ. വന്യമൃഗ ശല്യത്തിനെതിരെ ഒരു കിലോമീറ്റർ നീളത്തിൽ വേലി നിർമ്മിച്ചും, നിലച്ചുപോയ ജലനിർഗമന പാത സ്വന്തം കൈകൊണ്ട് പുനസ്ഥാപിച്ചുമാണ് ഇവർ കൃഷിയിറക്കിയത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികളായി മത്സരിച്ച സുരേഷ് ബാബുവും ചന്ദ്രനും വികസന കാര്യത്തിൽ ഒരേ മനസ്സോടെ ഒത്തുചേർന്നു എന്നത് ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്. വായനശാലാ ഭാരവാഹികളും കൃഷിഭവൻ ഉദ്യോഗസ്ഥരും ഇവർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പത്ത് ടണ്ണിലധികം വിളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാടത്തെ കൊയ്ത്തുത്സവം ഫെബ്രുവരി 15-ന് വൈകുന്നേരം മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

