കണ്ണാടിപറമ്പ് ഓൺലൈൻ ✍️
പുതിയതെരു: അഞ്ചുപതിറ്റാണ്ടിന്റെ സൗഹൃദം പുതുക്കി കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിലെ 1975-76 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ONE MIND 76’ സംഗമിച്ചു. പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടന്ന മൂന്നാമത് സംഗമം അന്നത്തെ അധ്യാപകൻ വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ മാതൃക:
സൗഹൃദം പുതുക്കുന്നതിനൊപ്പം മാതൃകാപരമായ ഒരു ജീവകാരുണ്യ പ്രവർത്തനത്തിനും സംഗമം സാക്ഷ്യം വഹിച്ചു. മയ്യിൽ സ്വദേശിയായ രണ്ടര വയസ്സുകാരൻ ലിക്ഷിതിന്റെ ചികിത്സാ സഹായത്തിനായി അംഗങ്ങൾ സമാഹരിച്ച 18,000 രൂപ ചടങ്ങിൽ വെച്ച് ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
ആദരിക്കലും ക്ലാസ്സും:
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബാച്ചിലെ അംഗങ്ങളെയും, കൊളച്ചേരി പഞ്ചായത്തിൽ നിന്നും മികച്ച വിജയം കൈവരിച്ച സജീവ് കെ.പി.യെയും ചടങ്ങിൽ ആദരിച്ചു. സജീവൻ കെ.പി. നയിച്ച ജീവിതശൈലീ മോട്ടിവേഷൻ ക്ലാസ്സ് അംഗങ്ങൾക്ക് ഏറെ ഉപകാരപ്രദമായി.
കലാപരിപാടികൾ:
അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഗാനങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി. കേക്ക് മുറിച്ച് മധുരം പങ്കിട്ടും ഹൃദ്യമായ ഉച്ചഭക്ഷണത്തോടെയും പഴയകാല സ്മരണകൾ പങ്കുവെച്ചും ഒത്തുചേരൽ ആഘോഷമാക്കി. കഴിഞ്ഞ വർഷം വിടപറഞ്ഞ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
നിലവിലുള്ള കമ്മിറ്റി തന്നെ തുടരാൻ യോഗം തീരുമാനിച്ചു. വൈകുന്നേരം സ്കൂൾ വിടുന്ന ഓർമ്മയിൽ ‘ജനഗണമന’ ആലപിച്ച്, ക്രിസ്മസ്-പുതുവത്സര ആശംസകൾ കൈമാറി വീണ്ടും കാണാമെന്ന വിശ്വാസത്തോടെയാണ് സഹപാഠികൾ പിരിഞ്ഞത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

