കല്യാട്ടെ കവർച്ച: ഒരാൾ അറസ്റ്റിൽ

Kannadiparamba online news

ഇരിക്കൂർ : കല്യാട് ചുങ്കസ്ഥാനത്തെ എ.പി. സുഭാഷിന്റെ ഭാര്യ ദർശിത (22) ഹുൻസൂരിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട സംഭവത്തിലും ഭർതൃവീട്ടിൽ നടന്ന മോഷണത്തിലും ഒരാളെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സിംഗപട്ടണം സ്വദേശിയായ പൂജാരി മഞ്ജുനാഥയാണ് (39) അറസ്റ്റിലായത്. കല്യാട്ടെ വീട്ടിൽനിന്ന് ദർശിത കൈക്കലാക്കിയ പണത്തിൽ രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഓഗസ്റ്റ് 22-നാണ് കല്യാട്ടെ വീട്ടിൽനിന്ന് 30 പവന്റെ ആഭരണവും നാലുലക്ഷം രൂപയും കൈക്കലാക്കി ദർശിത രണ്ടരവയസ്സുള്ള മകൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയത്. പിറ്റേദിവസം സാലിഗ്രാമിലെ ലോഡ്ജിൽ ദർശിത കൊല്ലപ്പെട്ടു. യുവതിക്കൊപ്പം മുറിയെടുത്ത സുഹൃത്ത് സിദ്ധരാജുവായിരുന്നു വായിൽ ഡിറ്റനേറ്റർവെച്ച് പൊട്ടിച്ച് കൊലപ്പെടുത്തിയത്. 

യുവതി എടുത്ത പണത്തിൽനിന്ന് രണ്ടുലക്ഷം രൂപ സിദ്ധരാജു കൈക്കലാക്കിയിരുന്നു. കേസിൽ ഇയാൾ അറസ്റ്റിലാവുകയും ചെയ്തു. പ്രേതബാധ ഒഴിപ്പിക്കാനും കാമുകനുമൊത്ത് ജീവിക്കാനുമുള്ള കർമങ്ങൾ ചെയ്യാനുമായി ദർശിത വീട്ടിലെത്തി രണ്ടുലക്ഷം രൂപ നൽകിയെന്ന് മഞ്ജുനാഥയും പോലീസിനോട് അന്ന് പറഞ്ഞിരുന്നു. സിദ്ധരാജുവിനെയും മഞ്ജുനാഥയെയും പലതവണ ചോദ്യംചെയ്‌തെങ്കിലും സ്വർണം ആരെടുത്തു എന്നതിനെപ്പറ്റി സൂചനയൊന്നും ലഭിച്ചിരുന്നില്ല. 

ഇതിനിടയിലാണ് വീരാജ്‌പേട്ട ബിലിക്കര എന്ന സ്ഥലത്ത് ദർശിത ഒരാളെ കാണുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചത്. ഈ ദൃശ്യം പലതവണ പരിശോധിച്ചപ്പോഴാണ് വേഷം മാറിയെത്തിയ മഞ്ജുനാഥയാണ് ദൃശ്യത്തിലുള്ളതെന്ന് വ്യക്തമായത്. ഇതോടെ ഇയാൾ നുണപറഞ്ഞെന്നും മോഷണമുതലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പണം കൈപ്പറ്റിയതെന്നുമള്ള നിഗമനത്തിൽ പോലീസ് എത്തി. തുടർന്നാണ് ഇയാളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പ്രേതബാധ ഒഴിപ്പിക്കാൻ രണ്ടുലക്ഷം രൂപ മാത്രം പോരാ സ്വർണവും വേണമെന്ന് വിശ്വസിപ്പിച്ച് മഞ്ജുനാഥ ആഭരണങ്ങൾ കൈക്കലാക്കിയോയെന്ന സംശയവും പോലീസിനുണ്ട്. സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!