നാടകീയം ! കിരീടം വാങ്ങാതെ ഇന്ത്യയുടെ വിജയാഘോഷം, വ്യക്തിഗത പുരസ്‌കാരങ്ങൾ മാത്രം സ്വീകരിച്ചു

Kannadiparamba online news
Screenshot

ദുബായ്‌: ഏഷ്യാകപ്പിന്റെ തുടക്കം മുതലുള്ള വിവാദം സമ്മാനദാനചടങ്ങിലേക്കും നീണ്ടു. പാകിസ്താൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. കിരീടവും മെഡലും സ്വീകരിക്കാതെയായിരുന്നു ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിച്ചത്. പാകിസ്താനെതിരായ ആദ്യമത്സരത്തിൽ ടോസ് സമയത്ത് സൂര്യകുമാർ യാദവ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗക്ക് കൈകൊടുത്തിരുന്നില്ല. ഇത് മൂന്ന് മത്സരങ്ങളിലും ആവർത്തിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീം ഈ നിലപാട് സ്വീകരിച്ചത്. ആദ്യമത്സരത്തിന് ശേഷം വിജയം ഇന്ത്യൻ സൈനികർക്കാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സമർപ്പിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ശേഷം സാഹിബ്‌സദ ഫർഹാൻ ബാറ്റുമായി വെടിവെപ്പ് ആംഗ്യം കാണിച്ചതും പാക് താരം ഹാരീസ്‌റൗഫ് എയ്‌റോപ്ലെയൻ ആംഗ്യം കാണിച്ചതും വിവാദമായിരുന്നു. സൂര്യകുമാറിനും ഹാരീസിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തുകയും ചെയ്തു.

സമ്മാനദാനച്ചടങ്ങിൽ വ്യക്തിഗത പുരസ്‌കാരങ്ങൾ മാത്രമാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്. അത് നഖ്‌വിയായിരുന്നില്ല വിതരണം ചെയ്തത്. ഫൈനലിൽ, ടോസ് ഇടുന്നതിനിടെ പതിവില്ലാതെ രണ്ട് കമന്റേറ്റർമാർ എത്തിയത് ചർച്ചയായിരുന്നു. മുൻ ഇന്ത്യൻതാരം രവി ശാസ്ത്രിയും മുൻ പാക് താരം വഖാർ യൂനിസുമാണ് ടോസിന്റെ സമയത്ത് ഗ്രൗണ്ടിലെത്തിയത്. ഈ സമയത്ത് ക്യാപ്റ്റൻമാരുമായി സംസാരിക്കാൻ രവി ശാസ്ത്രിയെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) നിയോഗിച്ചിരുന്നത്. ഒരു നിഷ്പക്ഷ അവതാരകനെ വേണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എസിസിയോട് ആവശ്യപ്പെട്ടു. ശാസ്ത്രിയെ മാറ്റില്ലെന്ന് ബിസിസിഐയും നിലപാടെടുത്തതോടെ വഖാർ യൂനിസിനെയും കമന്റേറ്ററായി അയച്ചു.

അടുത്തിടെ ഇന്ത്യയ്‌ക്കെതിരേ പിസിബി മേധാവി കൂടിയായ മൊഹ്‌സിൻ നഖ്‌വി പങ്കുവെച്ച പോസ്റ്റ് വിവാദത്തിലായിരുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പാക് താരങ്ങളായ ഹാരിസ് റൗഫും സാഹിബ്സാദ ഫര്‍ഹാനും നടത്തിയ പ്രകോപനപരമായ ആംഗ്യങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ പോസ്റ്റ് പങ്കുവെച്ചത്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ‘ഫൈറ്റര്‍ ജെറ്റ്’ ആംഗ്യത്തിന്റെ സ്ലോ മോഷന്‍ വീഡിയോ എക്‌സില്‍ പങ്കുവെച്ചാണ് നഖ്‌വി പുതിയ പ്രകോപനം സൃഷ്ടിച്ചത്. റൊണാള്‍ഡോ ഒരു വിമാനം പെട്ടെന്ന് തകരുന്നതായി ആംഗ്യം കാണിക്കുന്നതാണ് നഖ്‌വി പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ ഹാരിസ് റൗഫും ഇത്തരത്തില്‍ വിമാനം തകരുന്നതായുള്ള ആംഗ്യം കാണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള സിന്ദൂര്‍ ഓപ്പറേഷനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു മത്സരത്തിനിടെയുള്ള ഹാരിസ് റൗഫിന്റെ ആംഗ്യങ്ങള്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!