ദുബൈ: ത്രില്ലർ പോരിനൊടുവിൽ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി ഇന്ത്യ. കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
146 റൺസ് പിന്തുടർന്ന ഇന്ത്യ തുടക്കത്തിൽ വൻ തകർച്ച നേരിട്ടെങ്കിലും തിലക് വർമയുടെ ഗംഭീര ചെറുത്ത് നിൽപ്പിൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു. 53 പന്തിൽ പന്തിൽ പുറത്താകാതെ 69 റൺസെടുത്ത തിലക് വർമ പുറത്താകാതെ നിന്നു.
താരതമ്യേന ചെറിയ വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മിന്നുംഫോമിലുള്ള അഭിഷേക് ശർമയെ (5) നഷ്ടമായി. ഫഹീം അഷ്റഫിന്റെ പന്തിൽ ഹാരിസ് റൗഫ് പിടിച്ച് പുറത്താകുകയായിരുന്നു. തുടർന്നെത്തിയ നായകൻ സൂര്യകുമാർ യാദവ് (1) നിലയുറപ്പിക്കും മുൻപേ മടങ്ങി. ഷഹീൻ അഫ്രീദിയുടെ പന്തിൽ സൽമാൻ ആഗ പിടിച്ചാണ് പുറത്തായത്. സ്കോർ 20 റൺസിൽ നിൽക്കെ ഇന്ത്യക്ക് മൂന്നാമത്തെ വിക്കറ്റും നഷ്ടമായി. ഓപണർ ശുഭ്മാൻ ഗില്ല് (12) ഫഹീം അഷ്റഫിന് വിക്കറ്റ് നൽകി.
ഇതോടെ പരുങ്ങിലിലായ ഇന്ത്യയെ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് കരകയറ്റുകയായിരുന്നു. 21 പന്തിൽ 24 റൺസെടുത്ത സഞ്ജു, അബ്രാറിനെ കൂറ്റൻ അടിക്കുള്ള ശ്രമത്തിൽ ഫർഹാന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ശിവം ദുബെ, തിലക് വർമക്ക് മികച്ച പിന്തുണയേകിയതോടെ ഇന്ത്യ കൈവിട്ട കളി തിരിച്ചുപിടിക്കുകയായിരുന്നു.
22 പന്തിൽ 33 റൺസെടുത്ത ശിവം ദുബൈ പുറത്താവുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ആറ് പന്തിൽ 10. ഹാരിസ് റൗഫ് എറിഞ്ഞ ഓവറിൽ ആദ്യ നാല് പന്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. റിങ്കു സിങ് (4) പുറത്താകാതെ നിന്നു.
പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്
ഓപണർമാരായ സാഹിബ്സാദ ഫർഹാന്റെയും ഫഖർ സമാന്റെയും ബാറ്റിങ് മികവിൽ പാക് ടീമിന് ഗംഭീര തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 113 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്താന് 33 റൺസെടുക്കുന്നതിനിടെയാണ് ബാക്കി എട്ടുവിക്കറ്റ് നഷ്ടമായത്.
ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് മെച്ചപ്പെട്ട സ്കോറെന്ന പാക് പ്രതീക്ഷകൾ എറിഞ്ഞുടയ്ക്കുകയായിരുന്നു.
ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പാകിസ്താൻ കഴിഞ്ഞ മത്സരത്തിൽ അതേ ടീമിനെ നിലനിർത്തിയപ്പോൾ പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
ഇന്ത്യൻ ബൗളർമാർക്കെതിരെ കരുതലോടെ തുടങ്ങിയ പാക് ഓപണർമാർ പതിയെ വെടിക്കെട്ട് മൂഡിലേക്ക് നീങ്ങുകയായിരുന്നു. 9.4 ഓവറിൽ 84 റൺസിൽ നിൽക്കെയാണ് പാക് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ തിലക് വർമ പിടിച്ച് പുറത്താക്കുകയായിരുന്നു.
തുടന്നെത്തിയ സയിം അയ്യൂബ് (14) കാര്യമായ ചെറുത്ത് നിൽപ്പിന് ശ്രമിക്കാതെ കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങി. നിലയുറപ്പിക്കും മുൻപെ (0) മുഹമ്മദ് ഹാരിസിനെ അക്ഷർ പട്ടേൽ റിങ്കുസിങ്ങിന്റെ കൈകളിൽ എത്തിച്ചു. 35 പന്തിൽ 46 റൺസെടുത്ത ഫഖർ സമാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങും എന്ന് തോന്നിയ പാക് നില പരുങ്ങിലിലായി. ഹുസൈൻ തലാത്തിനെ (1) അക്ഷർ പട്ടേലിന്റെ ബൗളിങ്ങിൽ സഞ്ജു സാംസൺ പിടികൂടി.
ക്യാപ്റ്റൻ സൽമാൻ ആഗയേയും (8) ഷഹീൻ അഫ്രീദിയെയും (0) ഫഹീം അഷ്റഫിനെയും (0) തന്റെ അവസാന ഓവറിൽ പുറത്താക്കി കുൽദീപ് പാകിസ്താന് കനത്ത പ്രഹരമേൽപ്പിച്ചു. ഹാരിസ് റൗഫിനെയും (6) മുഹമ്മദ് നസാവിനെയും ബുംറയും വീഴ്ത്തിയതോടെ പാക് ടീമിന്റെ കഥകഴിഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

