വിജയുടെ റാലിക്കിടെ വൻ ദുരന്തം, മരണ സംഖ്യ ഉയരുന്നു, മന്ത്രിമാർ സ്ഥലത്തേക്ക്, മുഖ്യമന്ത്രി സ്റ്റാലിൻ നാളെ കരൂരിൽ

Kannadiparamba online news
Screenshot

ചെന്നൈ: തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ എത്തും. 

ജനങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സകൾ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി. അവിടത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ സഹകരിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു. ട്രിച്ചി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാരോടും കരൂരിലേക്ക് പോകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയന്ത്രിക്കാനാകാതെ ജനസാഗരം 

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. കനത്ത തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ വിജയ്ക്ക് താൽക്കാലികമായി പ്രസംഗം നിർത്തേണ്ടി വന്നു. ജനാവലി വർധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് പാർട്ടി പ്രവർത്തകരും കുട്ടികളും ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതോടെ വിജയ് പ്രസംഗം നിർത്തിവെച്ച്, ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകൾക്ക് വഴി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ, ഒമ്പത് വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന്, കുട്ടിയെ കണ്ടെത്താൻ സഹായം നൽകണമെന്ന് പോലീസിനോടും പ്രവർത്തകരോടും വിജയ് പരസ്യമായി അഭ്യർത്ഥിച്ചു. ഇതിനിടെയാണ് ആളുകൾ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീണത്.  

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!