കണ്ണൂർ: വിനോദ സഞ്ചാര കേന്ദ്രമായ അഴീക്കോട് ചാൽ ബീച്ചിൽ നടക്കുന്ന ഫെസ്റ്റുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.
വർഷങ്ങളായി ടെണ്ടർ പോലും വിളിക്കാതെ ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള ചാൽ ബീച്ച് ഫെസ്റ്റിന്റെ നടത്തിപ്പ് സി.പി.എം. നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റിക്കാണ് നൽകി വരുന്നതെന്നും, മുമ്പ് കുടുംബശ്രീ മുഖേന നടത്തിയിരുന്ന ഫെസ്റ്റ് ഇപ്പോൾ കുടുംബശ്രീയുമായി ബന്ധമില്ലാത്ത ചില സംഘങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡി.ടി.പി.സി.യും സ്ഥലത്തെ എം.എൽ.എ. ഉൾപ്പെടെയുള്ള സി.പി.എം. നേതാക്കളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് നിയമലംഘനം നടക്കുന്നതെന്നും, ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്ഥിരം സ്റ്റാളുകൾ സ്ഥാപിച്ച് വ്യാപാരവും നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം. നേതാക്കളുടെ ബിനാമി കൂട്ടങ്ങൾക്കാണ് ഫെസ്റ്റിന്റെ പേരിൽ കൊള്ളയടിക്കാൻ അവസരം നൽകുന്നതെന്നും, സർക്കാർ നിയന്ത്രിത സ്ഥാപനമായ ഡി.ടി.പി.സി. ഇതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഫെസ്റ്റിന്റെ നടത്തിപ്പിനെയും നിയമലംഘനങ്ങളെയും കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

