വിദേശ ജോലി തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം: സംസ്ഥാന യുവജന കമ്മീഷൻ 

Kannadiparamba online news

കണ്ണൂർ:വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ യുവജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജിർ. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ കമ്മീഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിനും പഠനത്തിനുമായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം മുതലാക്കാൻ നിരവധി വ്യാജ സ്ഥാപനങ്ങൾ വരുന്നുണ്ട്. സംസ്ഥാന വ്യാപകമായി നിരവധി പരാതികളാണ് കമ്മീഷന് മുന്നിൽ എത്തുന്നത്. കൃത്യമായ രേഖകളില്ലാതെയാണ് പലരും ലക്ഷക്കണക്കിന് രൂപ കൈമാറുന്നത്. ഇത് കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കും. സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിശോധിച്ച് മാത്രം സാമ്പത്തിക ഇടപാടുകൾ നടത്താൻ രക്ഷിതാക്കളും തൊഴിലന്വേഷകരും ജാഗ്രത പുലർത്തണമെന്നും എം. ഷാജിർ പറഞ്ഞു. 

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ 26 പരാതികൾ പരിഗണിച്ചു. 14 പരാതികൾ പരിഹരിച്ചു. 12 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി എട്ട് പരാതികൾ ലഭിച്ചു. 
കണ്ണൂർ സർവകലാശാല യൂനിയൻ തിരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനി പോലീസിനെതിരെ കമ്മീഷനിൽ പരാതി നൽകി. സർവ്വകലാശാല ഗേറ്റിൽ പോലീസ് തടഞ്ഞു നിർത്തി മാധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തിപ്പെടുത്തും വിധം പ്രദർശിപ്പിച്ചുവെന്നും ഇതിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്നും കാണിച്ചാണ് പരാതി. പരാതി അടുത്ത സിറ്റിങ്ങിൽ പരിഗണിക്കുന്നതിനായി മാറ്റിയെന്ന് ചെയർമാൻ അറിയിച്ചു. 
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, ഗാർഹിക പീഢനം, സൈബർ തട്ടിപ്പ്, സ്‌കൂൾ നിയമനം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് തിരികെ ലഭിക്കുന്നത്, പി.എസ്.സി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ  പരിഗണിച്ചത്.
ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി.സി. ഷൈജു, ശ്രീജിത്ത് എച്ച്, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!