ന്യൂഡൽഹി: ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കാരം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നിത്യോപയോഗ വസ്തുക്കളുടെ നികുതി ഗണ്യമായി കുറയ്ക്കുന്ന പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSME) പൊതുജനങ്ങൾക്കും വലിയ നേട്ടമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
79-ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വില കുറയുന്നത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവിരുദ്ധ നടപടികളിൽ “ഓപ്പറേഷൻ സിന്ദൂർ” മുഖേന പഹൽഗാം ആക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകിയതായി മോദി വെളിപ്പെടുത്തി. സൈന്യത്തിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി, ശത്രുവിന്റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്റർ കടന്ന് ഭീകരരുടെ ആസ്ഥാനം തകർത്തുവെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താന്റെ ആണവ ഭീഷണിയെ ഇന്ത്യ അംഗീകരിക്കില്ലെന്നും സിന്ധുനദി ജലകരാറിൽ മാറ്റമില്ലെന്നും “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്നും മോദി വ്യക്തമാക്കി. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ഇന്ത്യ ഒരേ നിലയിൽ കാണുമെന്നും അയൽരാജ്യത്തിൽ നിന്ന് അനിഷ്ടസംഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്ഘട്ടിൽ ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തി ചെങ്കോട്ടയിലെത്തിയ മോദി, തുടർച്ചയായ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ 11,000-ലധികം സുരക്ഷാ ഉദ്യോഗസ്ഥരും 3,000 ട്രാഫിക് പൊലീസുകാരും വിന്യസിച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

